ചെന്നൈ- തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും സജീവ രാഷ്ട്രീയ പ്രവേശവും ഏപ്രിലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നടന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെന്നൈയിലുള്ള ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുടെ സ്വാധീനത്തില്‍ കുടുങ്ങിയ രജനീകാന്ത് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുകയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനീകാന്ത് രാഷ്ട്രീയ പരിപാടികള്‍ ആസൂതണം ചെയ്യുന്നത്.
രജനീകാന്ത് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും ടി.ടി.വി.ദിനകരനെതിരായ നടന്റെ നിലപാടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും. പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്ല- തമിഴരുവി പറഞ്ഞു.
ഏപ്രിലില്‍ പാര്‍ട്ടി പ്രഖ്യാപിച്ച് ഓഗസ്റ്റില്‍ സമ്മേളനം നടത്താനാണ് ആലോചിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ രാഷ്ട്രീയ പദ്ധതിയും ആദര്‍ശങ്ങളും വിശദീകരിക്കാന്‍ രജനികാന്ത് സംസ്ഥാന വ്യാപകമായി പര്യടനം നടത്തും. രജനിക്ക് അനുകൂലമായ സാഹചര്യമാണ് തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് തമിഴരുവി അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രജനീകാന്ത് കഴിഞ്ഞ ദിവസം അനുകൂലിച്ചിരുന്നു.