പനാജി- പൗരത്വ ഭേദഗതി നിയമം നിരുപാധികമായി ഉടനടി റദ്ദാക്കണമെന്നും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഹനിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും ഗോവ അതിരൂപത ബിഷപ്പ് റവ. ഫിലിപ്പ് നെറി ഫെറാവു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) നടപ്പാക്കരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ശബ്ദം കേള്‍ക്കാന്‍ സർക്കാർ തയാറാകണമെന്ന് ഗോവ ചര്‍ച്ചിന്റെ ഭാഗമായ രൂപത സെന്റര്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ മീഡിയ പ്രസ്താവനയില്‍ പറഞ്ഞു.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ഭിന്നിപ്പിക്കുന്നതും വിവേചനപരവുമാണെന്നും ഇത് നമ്മുടേതുപോലുള്ള ഒരു ബഹു-സാംസ്‌കാരിക ജനാധിപത്യത്തിനു പ്രതികൂലവും ദോഷകരവുമാകുമെന്നും ബിഷപ്പും കത്തോലിക്ക സമൂഹവും കരുതുന്നുവെന്ന് പ്രസ്താവനയില്‍ തുടർന്നു.