ബീജിംഗ്- ചൈനയില്‍ കൊറോണ വൈറസ് മരണസംഖ്യ 811 ആയി ഉയർന്നു. ഞായറാഴ്ച 89 മരണം കൂടി റിപ്പോർട്ട് ചെയ്തു. 2002-03 ലെ സാർസ് പകർച്ചവ്യാധിയുടെ മരണനിരക്ക് ഇതോടെ മറികടന്നിരിക്കയാണ്. എന്നാൽ വൈറസ് ബാധയുടെ പുതിയ കേസുകള്‍ കുറഞ്ഞത് ശുഭപ്രതീക്ഷ നല്‍കുന്നു.
വ്യാപനം കുറയാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ടുകള്‍. വൈറസ് വ്യാപിക്കുന്നത് തടയാന്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളും ഫലപ്രദമാണ്. അതിനിടെ ദക്ഷിണ കൊറിയയില്‍ പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.
തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യ സന്ദർശിച്ച 73 കാരിക്കാണ് രോഗം ബാധിച്ചത്. ഇതോടെ ദക്ഷിണ കൊറിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 25 ആയി.
ചൈനയിൽ, ശനിയാഴ്ച അർദ്ധരാത്രി അവസാനിച്ച 24 മണിക്കൂറിനുള്ളിൽ 2,656 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവയില്‍ മിക്കതും വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടുന്ന മധ്യ പ്രവിശ്യയായ ഹുബെയിലാണ്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 20 ശതമാനം കേസുകളാണ് കുറഞ്ഞത്. തൊട്ടുമുമ്പത്തെ ദിവസം 3,399 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് 24 രാജ്യങ്ങളിൽ 288 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുതിയ കേസുകളുടെ ദൈനംദിന എണ്ണം കുറയുന്നത് വൈറസിന്റെ വ്യാപനം മന്ദഗതിയിലായേക്കാമെന്ന് വിദഗ്ധർ പറയുന്നു.