ആലുവ - ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ കുതന്ത്രമാണ് മോഡി ഭരണകൂടം പയറ്റുന്നതെന്ന് കെ. അൻവർ സാദത്ത് എം.എൽ.എ. അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലുവ ചൂർണിക്കരയിൽ ആരംഭിച്ച ആസാദി സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികഞ്ഞ ഭരണഘടനാ ലംഘനമാണ് സംഘ് പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ജീവത്യാഗം നടത്തിയവരുടെ പിൻഗാമികളെ ദേശ സ്നേഹം പഠിപ്പിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാർ നിലപാട് അപഹാസ്യമാണ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം വിജയം വരിക്കുന്നത് വരെ തുടരേണ്ട സമരമാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂപം കൊണ്ട സമരം രാജ്യത്ത് വിദ്യാർത്ഥികളുടേതുൾപ്പെടെ നിരവധി പ്രതിപക്ഷങ്ങളെ സംഭാവന ചെയ്ത സമരമാണെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാവിഷ്കാരങ്ങളും വേദിയിൽ അരങ്ങേറി.
സംഘാടക സമിതി ചെയർമാൻ എം.എ. അൻവർ അധ്യക്ഷത വഹിച്ചു. ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് രാജു കുംബ്ലാൻ, തായിക്കാട്ടുകര മഹല്ല് പ്രസിഡന്റ് എം.അലി, ടി.കെ.അബ്ദുസ്സലാം, അബ്ദുൽ കരീം കല്ലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.