ബംഗളൂരു- അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കാന്‍ പോയ യുവതിയില്‍നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അമ്മയെ അത്രയേറെ സ്‌നേഹിച്ചിരുന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് അമൃത പോലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അമൃത. ബാങ്കുകാരും കടക്കാരും അവരെ ഉപദ്രവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാലാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും അമൃത വെളിപ്പെടുത്തി. എന്നാല്‍ പിന്നീടെന്തിന് ആന്‍ഡമാനിലേക്ക് പോയി എന്നതിന് യുവതി കൃത്യമായ ഉത്തരം നല്‍കിയില്ല.
അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് അമൃതയ്ക്കുണ്ടായിരുന്നത്. വിവിധ ബാങ്കുകളില്‍നിന്നും പണമിടപാടുകാരില്‍നിന്നുമായാണ് ഇത്രയധികം തുക വായ്പ എടുത്തിരുന്നത്. നേരത്തെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന അമൃതക്ക് 2017 ല്‍ ആ ജോലി നഷ്ടമായി. ഇതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തത്.