ന്യുദല്‍ഹി-ദേശീയ തലസ്ഥാനം ആര്‍ക്കൊപ്പമെന്ന് വിധിയെഴുതാന്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും.
ആംആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പ്രചാരണത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്ന ന്യൂദല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍- 28 പേര്‍. വോട്ടെടുപ്പ് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
ത്രികോണ മത്സരമാണെങ്കിലും പല മണ്ഡലങ്ങളിലും അറിയപ്പെടാത്ത പാര്‍ട്ടികള്‍ക്കു പുറമെ, കക്ഷിരഹിതരും ഒരു കൈ നോക്കുന്നു. രണ്ട് ഇംറാന്‍ ഖാന്‍മാരും ഒരു നാഥുറാമും സ്ഥാനാര്‍ഥി പട്ടികയിലെ കൗതുകമാണ്.
പാക്കിസ്ഥാന്‍ പ്രധാനമന്തി ഇംറാന്‍ ഖാനെ ബി.ജെ.പിയും ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ആംആദ്മി പാര്‍ട്ടിയും പ്രചാരണ വിഷയമാക്കിയിരുന്നു.
ടിപ്പുസുല്‍ത്താന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായാണ് ഇംറാന്‍ ഖാനും ഇംറാന്‍ മത്‌ലൂബ് ഖാനും യഥാക്രമം കാരവല്‍ നഗര്‍, മുസ്തഫദ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. വസിര്‍പുര്‍ മണ്ഡലത്തിലാണ് സി.പി.എം ടിക്കറ്റില്‍ മത്സരിക്കുന്ന നാഥുറാം.
മസ്ദൂല്‍ ഏക് താ പാര്‍ട്ടി, ആപ്കി അപ്‌നി പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ പാര്‍ട്ടികളും കക്ഷിരഹിതരും മത്സരിക്കുന്ന ചിഹ്നങ്ങളിലുമുണ്ട് കൗതുകം. ഭക്ഷണത്തളിക, ഫ്രൂട്ട്ബാസ്‌കറ്റ്, ബ്രഷ്, ഐസ്‌ക്രീം തുടങ്ങിയവയാണ് ചിഹ്നങ്ങള്‍.