കോഴിക്കോട്- സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾ എവിടെയൊക്കെ പഠിക്കുന്നുവെന്ന വിവരം ശേഖരിക്കുന്നു. നിയമസഭ ചോദ്യോത്തരത്തിന്റെ ഭാഗമായാണ് കണക്ക് ശേഖരിക്കുന്നത്.
അധ്യാപികയുടെ പേര്, മക്കളുടെ പേര്, പഠിക്കുന്ന വിദ്യാലയം, വിദ്യാലയം എയ്ഡഡ്, അൺഎയ്ഡഡ്, സർക്കാർ എന്നിങ്ങനെ പട്ടികപ്പെടുത്തി നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിനായി സർക്കാർ മുൻകൈ എടുത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പൊതുപ്രവർത്തകരായ രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളെ സർക്കാർ സ്‌കൂളിൽ ചേർക്കുന്നതിന് വലിയ പ്രാധാന്യം വാർത്തകളിൽ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ മക്കൾ എവിടെ പഠിക്കുന്നുവെന്ന ചോദ്യം ഉയർന്നത്. പൊതുവിദ്യാലയത്തിലേക്ക് ആളെ കൂട്ടാൻ ശ്രമിക്കുന്ന സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വന്തം മക്കളെ അൺ എയ്ഡഡ് വിദ്യാലയങ്ങളിലാണ് അയക്കുന്നതെന്ന പരാതി ശക്തമാണ്. സർക്കാർ സ്‌കൂളുകളിലെ പ്രവർത്തനത്തിൽ അധ്യാപകർക്ക് പോലും തൃപ്തിയില്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന വാദവും ഉയർന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ ചോദ്യം ചെയ്യുന്ന സ്ഥിതിയുമുണ്ടായി. അധ്യാപകർ മാത്രമല്ല, ഈ യജ്ഞത്തിന് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെയൊക്കെ മക്കൾ' മികച്ച' അൺ എയ്ഡഡിലാണ് പഠിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സർക്കാർ കണക്ക് ശേഖരിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ സർക്കാർ അധ്യാപകർ സ്വന്തം മക്കളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്.
അതേസമയം, ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനമുയർന്നു. അധ്യാപകന്റെയോ ജീവനക്കാരന്റെയോ മക്കൾ എവിടെ പഠിക്കുന്നുവെന്ന് സർക്കാർ അന്വേഷിക്കേണ്ട കാര്യമില്ല. അൺഎയ്ഡഡ് നിയമവിരുദ്ധ സ്ഥാപനങ്ങളല്ല. സർക്കാർ നിർദ്ദേശിച്ച സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സർക്കാർ സിലബസുകൾ പഠിപ്പിക്കുകയും പരീക്ഷ നടത്തുകയും ചെയ്യുന്ന നിയമാനുസൃത സ്ഥാപനങ്ങളാണ്. സർക്കാർ അംഗീകാരമോ, എൻ.ഒ.സിയോ അനുസരിച്ച് സ്ഥാപിച്ചവയുമാണ്. സർക്കാറിന്റെ ധനസഹായം മാത്രം വാങ്ങാത്ത ഈ വിദ്യാലയങ്ങളിൽ മക്കളെ അയക്കരുതെന്ന് സർക്കാറിന് എങ്ങനെ നിർദ്ദേശിക്കാനാകുമെന്നാണ് വിമർശനം? അധ്യാപകനോ ജീവനക്കാരനോ തൊഴിൽ കാര്യക്ഷമത കാണിക്കുന്നില്ലെങ്കിൽ അത് അന്വേഷിക്കുകയും നടപടിയെടുക്കുകയുമാകാം. പല അധ്യാപകരുടെയും ഭാര്യമാരോ ഭർത്താക്കൻമാരോ അൺഎയ്ഡഡ് സ്‌കൂളിലെ അധ്യാപകരുമായിരിക്കും. കുട്ടികളെ അവിടെ അയക്കുന്നത് സൗകര്യത്തിന്റെയോ സൗജന്യത്തിന്റെയോ കാര്യവുമാകാം.