ന്യൂദൽഹി- ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വി.വി.പാറ്റ് സ്ലിപ്പുകൾ കാലാവധി എത്തുന്നതിന് മുമ്പേ തെരഞ്ഞെടുപ്പ് കമ്മീഷൻ നശിപ്പിച്ചതായി വിവരാവകാശ രേഖ. പ്രിന്റ് ചെയ്തതോ ഉപയോഗിച്ചതോ ആയ വി.വി പാറ്റുകൾ ഒരു വർഷം വരെ സൂക്ഷിക്കണമെന്നും അതിന് ശേഷം മാത്രമേ ഇവ നശിപ്പിക്കാവൂ എന്നുമുള്ള നിയമം നിലനിൽക്കെയാണ് നാലു മാസത്തിനകം തന്നെ വി.വിപാറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നശിപ്പിച്ചത്. 2019 മെയിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് നാലു മാസത്തിനകം തന്നെ വി.വി പാറ്റുകൾ നശിപ്പിച്ചുവെന്നാണ് വിവരാവകാശ രേഖയിലുള്ളത്. ദ ക്വിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2019 സെപ്തംബർ 24ന് മുഴുവൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അയച്ച കത്തിൽ വി.വി പാറ്റുകൾ നശിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരുന്നു.
എന്തുകൊണ്ടാണ് വി.വി പാറ്റുകൾ നശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ധൃതിയെന്ന് വിവരാവകാശം അനുസരിച്ചുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അസാധാരണമായ തിരക്കോടെയാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടത് എന്നും തെളിയുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിലൊന്നും എന്തുകൊണ്ടാണ് ഇത്ര തിടുക്കത്തിൽ വിവിപാറ്റുകൾ നശിപ്പിച്ചത് എന്ന് വ്യക്തമാക്കുന്നുമില്ല. നിരവധിയിടങ്ങളിൽ വിവി പാറ്റുകളും രേഖപ്പെടുത്തിയ വോട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഈ സ്ഥലങ്ങളിലെ വി.വിപാറ്റുകളും നശിപ്പിച്ചിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ചുള്ള നിയമനടപടികളെയും ഇക്കാര്യം പ്രതികൂലമായി ബാധിക്കും.