ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ നൂറു കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗ് ഒഴിപ്പിക്കണമെന്ന ബി.ജെ.പി മുൻ എം.എൽ.എയുടെ പരാതി ദൽഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി. നാളെ ദൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തിൽ പരാതിയിൽ ഇപ്പോൾ തീരുമാനം എടുക്കാനാകില്ലെന്നും പരാതി മാറ്റിവെക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് കേസ് പരിഗണിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന കോടതി വ്യക്തമായി ഉത്തരം പറഞ്ഞു. ഷഹീൻ ബാഗിലെ പ്രശ്‌നം എന്താണെന്ന് കൃത്യമായി അറിയാമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യം എങ്ങിനെ പരിഹരിക്കാമെന്ന് നോക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഈ ഹരജി ഹൈക്കോടതിയിൽ സമർപ്പിക്കാതിരുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.