മാനന്തവാടി- പുലർച്ചെ റോഡുവക്കിൽ പ്രസവിച്ച യുവതിക്ക് കനിവ് 108 ആംബുലൻസ് രക്ഷയായി. ചീക്കല്ലൂർ പുളിക്കൽ വയലിൽ കോളനിയിലെ ബിനുവിന്റെ ഭാര്യ പാർവതിക്കും (27) കുഞ്ഞിനുമാണ് ആംബുലൻസ് രക്ഷയായത്. വ്യാഴാഴ്ച പുലർച്ചെ 4.45 ഓടെയാണ് പാർവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടി.
കൺട്രോൾ റൂമിൽനിന്ന് വിവരം ലഭിച്ചതനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്നു ആംബുലൻസ് ചീക്കല്ലൂരിലേക്ക് തിരിച്ചു. ആംബുലൻസ് എത്തുന്നതിന് മുമ്പ് പാർവതിയെയുംകൂട്ടി ബന്ധുക്കൾ റോഡിലേക്കും നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പാർവതിക്ക് മുന്നോട്ട് നടക്കാൻ കഴിയാതെവന്നു. പാർവതി പ്രസവവേദനകൊണ്ടു പുളയുന്നതിനിടെ പൈലറ്റ് കെ.ജി.എൽദോ ആംബുലൻസുമായി സ്ഥലത്തെത്തി. പാർവതിയെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.വി.സ്വപ്‌ന പരിശോധിക്കുമ്പോഴേക്കും പ്രസവം നടന്നിരുന്നു. ഉടൻ അമ്മയെയും കുഞ്ഞിനെയും പ്രഥമശുശ്രൂഷ നൽകി കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പാർവതിയുടെ മൂന്നാമത്തെ പ്രസവമാണ് നടന്നത്.