ജിദ്ദ - മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ പാക് യുവതിയുടെ നാലു വയസുകാരി മകളെ സൗദി അധികൃതർ സ്വദേശത്തേക്ക് തിരിച്ചയച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പാക് യുവതി ജിദ്ദ എയർപോർട്ടിൽ അറസ്റ്റിലായത്. സംശയം തോന്നി എക്സ്റേ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് യുവതിയുടെ വയറിനകത്ത് കാപ്സൂൾ രൂപത്തിലാക്കി ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. യുവതിക്കൊപ്പം നാലു വയസുകാരിയായ മകളുമുണ്ടായിരുന്നു.
മാതാവിനെ അറസ്റ്റ് ചെയ്ത സുരക്ഷാ വകുപ്പുകൾ ബാലിക ഈമാനെ സാമൂഹിക സുരക്ഷാ വകുപ്പിനു കീഴിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ഏറ്റവും മികച്ച പരിചരണങ്ങൾ നൽകുകയും ചെയ്തു. ബാലികയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ കാര്യം സൗദിയിലെ പാക് എംബസിയെ സൗദി അധികൃതർ അറിയിച്ചിരുന്നു. ബാലികയെ പിന്നീട് ജിദ്ദ പാക് കോൺസുലേറ്റിന് കൈമാറി. ജയിലിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനും ബാലികക്ക് അവസരമൊരുക്കി. പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനു മുമ്പായി മാതാവിനൊപ്പം സമയം ചെലവഴിക്കാനും അനുവദിച്ചിരുന്നു. ബാലികയുടെ കാര്യത്തിൽ സൗദി അധികൃതർ കൈക്കൊണ്ട നടപടികളെ പാക് മാധ്യമങ്ങൾ പ്രശംസിച്ചു.