ബീജിംഗ്-ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വുഹാന്‍ ആരുടെയും ശ്രദ്ധയില്‍ പതിയാത്ത ഒരു പ്രദേശമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട ഈ പ്രദേശം ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെയുള്ള മെഡിസിന്‍ വിദ്യാര്‍ത്ഥികളുടെ പഠനകേന്ദ്രമാണ്. ഒരു വര്‍ഷം മുന്‍പ് ഇംഗ്ലീഷില്‍ എംബിബിഎസ് പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വുഹാന്‍ ഇന്ത്യയില്‍ നിന്നും ഇത്രയേറെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ തുടങ്ങുന്നത്.
വുഹാനിലെ 45 ചൈനീസ് സ്ഥാപനങ്ങളിലേക്ക് മെഡിസിന്‍ പഠിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഒഴുകിയെത്തിയത്. 2019ലെ കണക്കുകള്‍ പ്രകാരം 21,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനീസ് മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിക്കാനെത്തിയത്. ഡോക്ടര്‍മാരുടെ കുപ്പായം അണിയാന്‍ കൊതിക്കുന്നവര്‍ പറന്നെത്തിയതോടെ അയല്‍രാജ്യം ഇക്കാര്യത്തില്‍ ഒന്നാം നമ്പര്‍ രാജ്യവുമായി മാറി.
ഈ 45 കോളേജുകള്‍ക്ക് പുറമെ മറ്റ് 200ഓളം കോളേജുകളില്‍ ഇംഗ്ലീഷ്, ചൈനീസ് ഭാഷകളില്‍ പഠിക്കാനും ഇന്ത്യക്കാര്‍ തയ്യാറായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പട്ടികയിലുള്ള റഷ്യയിലെ 58 സ്ഥാപനങ്ങളിലേക്ക് എംബിബിഎസ് പഠിക്കാന്‍ ഏകദേശം 6000 ഇന്ത്യക്കാരാണ് പറന്നത്. എന്നാല്‍ റഷ്യയിലെയും, ചൈനയിലെയും മെഡിക്കല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയെത്തുന്ന ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാം പാസാകുന്നില്ലെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കുന്നു.
ചുരുങ്ങിയ ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതാണ് ഇന്ത്യക്കാരെ ചൈനയിലെത്തിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2000,3000 ഡോളര്‍ വാര്‍ഷിക ഫീസും, ശരാശരി 1000 ഡോളര്‍ ചെലവുകളുമാണ് അവിടെ വേണ്ടത്. കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുന്നത്.