ചെന്നൈ-പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച രജനീകാന്തിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം.സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനീകാന്ത് ഇനിയും നടിക്കേണ്ട യാതൊരു ആവശ്യമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നോളൂ എന്നുമാണ് കാര്‍ത്തി ചിദംബരത്തിന്റെ പരിഹാസം.നല്ലതെന്ന് കാണിക്കാനുള്ള നാട്യത്തില്‍നിന്ന് ഞങ്ങളെ മോചിതരാക്കൂ എന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു. നിയമം കൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരുപ്രശ്‌നവുമുണ്ടാകില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.പി.ആര്‍) അത്യാവശ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉപകരണമാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു രജനി പറഞ്ഞത്.എന്‍പിആറിനെതിരെ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ല. നേരത്തെ കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ് എന്‍പിആറെന്നും അദ്ദേഹം പറഞ്ഞിരുന്നു.വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നതിന് മുമ്പ് നിയമം കൃത്യമായി പഠിക്കണം. അധ്യാപകരോടും രക്ഷിതാക്കളോടും അതേപ്പറ്റി സംസാരിക്കണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല ഈ നിയമം. അങ്ങനെ ആയിരുന്നെങ്കില്‍ ആദ്യം സമരത്തിനിറങ്ങുക താനാകുമായിരുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.