മഞ്ചേരി- പ്രണയം നടിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സഹോദരങ്ങളടക്കം മൂന്നു പേരുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. വേങ്ങര ഊരകം കീഴ്മുറി ഉമ്മണത്ത് വീട്ടിൽ അനീഷ് (26), സഹോദരൻ ഹരീഷ് (24), സുഹൃത്ത് കിളിനക്കോട് കെ.ടി പാറ പുലിക്കോടൻ ഷറഫലി (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. വേങ്ങര മലബാർ കോളേജിലെ കലോൽസവം കാണാനായി പോയ പെൺകുട്ടിയെ പ്രണയം നടിച്ചെത്തിയ അനീഷ് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. 2020 ജനുവരി പത്തിന് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വെച്ച് വേങ്ങര പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.