അശ്ലീല ക്ലിപ്പിംഗുകൾ പ്രചരിപ്പിക്കൽ: ഹായിലിൽ യുവതി അറസ്റ്റിൽ

ഹായിൽ - സ്‌നാപ് ചാറ്റിലൂടെ അശ്ലീല ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും പ്രചരിപ്പിച്ച യുവതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ നിരവധി സൗദി പൗരന്മാരിൽനിന്ന് പോലീസിന് പരാതികൾ ലഭിച്ചിരുന്നു. സ്‌നാപ് ചാറ്റിൽ യുവതിയുടെ ഫോളോവേഴ്‌സ് അനുദിനം വർധിച്ചുവരികയായിരുന്നു. 

ധാർമിക വിരുദ്ധമായ ലൈംഗീക സ്വാതന്ത്ര്യം കാണിക്കണമെന്ന് ഇളം പ്രായത്തിലുള്ള പെൺകുട്ടികളോടും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത ഭർത്താക്കന്മാരെ അനുസരിക്കരുതെന്ന് ഭാര്യമാരോടും സ്‌നാപ് ചാറ്റിലൂടെ യുവതി ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു. 

ഫോളോവേഴ്‌സിൽ ഒരാളുടെ ജന്മദിനാഘോഷം പോലെ സമീപ കാലത്തായി വ്യത്യസ്ത പേരുകളിൽ ഹായിലിലെ ഇസ്തിറാഹയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്ന യുവതി ഇത്തരം പരിപാടികളിൽ ഹുക്കയും സിഗരറ്റും വലിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും സൗകര്യങ്ങൾ ഒരുക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സ്‌നാപ് ചാറ്റിലൂടെ ലൈവ് ആയി സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. 

യുവതികളുമായി ആശയവിനിമയം നടത്തുന്നതിനും യുവതീയുവാക്കൾ ഒരുമിച്ചുള്ള ആഘോഷ പരിപാടികൾ നടത്തുന്നതിനുള്ള യുവാക്കളുടെ ആവശ്യങ്ങളും പണം ഈടാക്കി യുവതി നിറവേറ്റിയിരുന്നു. 

അശ്ലീലത പ്രചരിപ്പിക്കുന്ന സ്‌നാപ് ചാറ്റ് അക്കൗണ്ട് നിരീക്ഷിച്ചാണ് യുവതിയെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലും നിയമാനുസൃത നടപടികളും പൂർത്തിയാക്കുന്നതിന് യുവതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

 

Latest News