ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും സി.എക്കാരനുമായ രാഘവ് ഛദ്ദക്ക് പിന്നാലെ വിവാഹാലോചനകളുടെ പ്രവാഹം. രാഘവിന്റെ സോഷ്യല്‍ മീഡിയ മാനേജരാണ് സ്ഥാനാര്‍ഥിക്ക് ധാരാളം വിവാഹലോചനകള്‍ ലഭിക്കുന്നതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ഡസന്‍ വിവാഹാലോചനകളാണ് വന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാഘവ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ രജീന്ദര്‍ നഗറില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവ് ആര്‍.പി.സിംഗിനെതിരെയാണ് ഒരു കൈ കൂടി നോക്കുന്നത്. റോഡ് ഷോകളും പൊതുയോഗങ്ങളും നടത്തി പ്രചാരണത്തില്‍ മുന്നേറുകയാണ് രാഘവ്.
39 കാരനായ രാഘവിനെ സോഷ്യല്‍ മീഡിയകളില്‍ ഫോളോ ചെയ്യുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ഒരു യുവതി ട്വിറ്ററില്‍ രാഘവിനെ ടാഗ് ചെയ്തുകൊണ്ട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടന നല്ലരീതിയില്‍ അല്ലെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യമായ സമയമല്ലെന്നുമായിരുന്നു അന്ന് രാഘവ് നല്‍കിയ മറുപടി.
ഒരു സ്‌കൂളില്‍ യോഗത്തിനെത്തിയ രാഘവിനോട് തനിക്കൊരു മകളുണ്ടെങ്കില്‍ വിവാഹം ചെയ്തുതരുമെന്ന് സ്‌കൂളിലെ അധ്യാപിക പറഞ്ഞതും വാര്‍ത്തയായി.
വിവാഹാലോചനകള്‍ വരുന്നതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് രാഘവിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ദയവുചെയ്ത് വിവാഹം കഴിക്കരുത്. അതെന്റെ ഹൃദയം തകര്‍ക്കുമെന്നാണ് ഈ പോസ്റ്റിന് ഒരു യുവതി നല്‍കിയ കമന്റ്.