ന്യൂദൽഹി- നിർഭയ കേസിൽ മുഴുവൻ പ്രതികളുടെയും ശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്ന് ദൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ നൽകിയ ഹരജിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും അറിയിച്ചു. ഏഴുദിവസത്തിനുള്ളിൽ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട കോടതി പ്രതികൾ ഹരജി നൽകാൻ വൈകിയതിനെ വിമർശിക്കുകയും ചെയ്തു. പ്രതികളുടെ മരണ വാറണ്ട് സ്‌റ്റേ ചെയ്ത നടപടിക്കെതിരെയാണ് കേന്ദ്ര സർക്കാർ ഹരജി സമർപ്പിച്ചത്. നിയമപരമായ നടപടികൾ പൂർത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ജനുവരിയിലാണ് നിർഭയക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാൻ ദൽഹി കോടതി ഉത്തരവിട്ടത്. എന്നാൽ പ്രതി വിനയ് ശർമ്മയുടെ ദയാ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരിക്കുകയായിരുന്നു. ദയാഹർജിയിൽ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.