കര്‍ഷക പ്രശ്‌നങ്ങള്‍ മുഖ്യഅജണ്ട;  15000 തെരുവ് നാടകങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ്


ലഖ്‌നൗ- 2022 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 15,000 തെരുവ് നാടകങ്ങള്‍ നടത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് സംസ്ഥാനത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുപി കോണ്‍ഗ്രസ് കാര്യമായി തന്നെ പരിശ്രമിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്താകമാനം പതിനയ്യായിരം നാടകങ്ങളാണ് സംഘടിപ്പിക്കുക.

ഇതിനായി ലോഗോ ഡിസൈനിങ്, പോസ്റ്ററുകള്‍ തയ്യാറാക്കല്‍ എന്നിവ നടന്നുവരികയാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രത്യേക കത്തുകള്‍ കര്‍ഷകരില്‍ എത്തിക്കും. ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴില്‍ അമ്പത് പ്രവര്‍ത്തകരെയാണ് കര്‍ഷകരെ സന്ദര്‍ശിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് രണ്ട് വലിയ റആലികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും തെക്കന്‍ ഉത്തര്‍പ്രദേശിലുമാണ് റാലികള്‍ നടക്കുക.പാര്‍ട്ടിയെ കര്‍ഷക അനുകൂല പ്രസ്ഥാനമാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
 

Latest News