Sorry, you need to enable JavaScript to visit this website.

നിലയ്ക്കുന്നില്ല, വാളയാറിന്റെ നിലവിളി

രണ്ടു പെൺകുട്ടികൾ 13 ഉം 9 ഉം വയസ്സുള്ള പട്ടികജാതി വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾ 'ആത്മഹത്യ' ചെയ്ത കേസ് അത്ര വേഗമൊന്നും നമുക്ക് മറക്കാനാവില്ല. ആദ്യപെൺകുട്ടി 2017 ജനുവരിയിലും രണ്ടാമത്തെ കുട്ടി മാർച്ചിലുമാണ് ഇല്ലാതായത്. 
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.  കൊലപാതകമായിരിക്കാം എന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കാൻ പിന്നെയും നാളുകൾ എടുത്തു. കുഞ്ഞുങ്ങളാണ്, പട്ടിക ജാതിക്കാരാണ്, കൊലപാതകമാണ്, ലൈംഗിക പീഡനമാണ്, കേരളമാണ്! 


പിന്നീട് എപ്പോഴോ എന്തൊക്കെയോ അന്വേഷിച്ചു കാണണം. ആദ്യം വെറുതെ വിട്ട പ്രതിയുടെ വക്കീലാണ് പിന്നീട് പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷനായി മാറിയത്.  തെളിവില്ലാത്തത് കാരണം ബാക്കി മൂന്ന് പേരെയും വെറുതെ വിട്ടു. ഇതിനിടെ കുറെ തർക്കങ്ങളും സ്ഥലം മാറ്റങ്ങളുമുണ്ടായിരുന്നു. എന്തായാലും അട്ടപ്പള്ളം കേരളത്തിലാണ്. നമുക്ക് പെൺകുട്ടികൾ ഇനിയും ഉണ്ട്. ഇനിയും ഉണ്ടാവുകയും വേണം. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു പോകുന്നതെവിടെയാണ്? കുഞ്ഞുങ്ങൾ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. മാതാപിതാക്കൾ പരാജയപ്പെട്ടു പോകുമ്പോഴും കുഞ്ഞുങ്ങളെ  നെഞ്ചോട് ചേർക്കേണ്ടത് സമൂഹമാണ്. കൂടാതെ നിയമപ്രകാരം കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സ്ഥാപന സംവിധാനങ്ങളുമുണ്ട്. ഇവ കുഞ്ഞുങ്ങളുടെ നിലനിൽപ് അടക്കമുള്ള അവകാശങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. ഈയടുത്ത ദിവസം മുസഫർപൂർ  ഹോമിലെ പെൺകുട്ടികളുടെ നേർക്കുണ്ടായ ലൈംഗിക അതിക്രമക്കേസിന്റെ വിധിയിൽ അവിടത്തെ ബാലക്ഷേമസമിതിയുടെ അധ്യക്ഷനും ജില്ലാ ശിശുക്ഷേമ ഉദ്യോഗസ്ഥയുമെല്ലാം ശിക്ഷിക്കപ്പെട്ടിരുന്നു. വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു വിധിയാണത്. ബോധപൂർവമല്ലാത്ത   അശ്രദ്ധ പോലും ശിക്ഷാർഹമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 


ശിക്ഷയുടെ പേരിലല്ല കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എങ്കിലും അതൊരു  ഉത്തരവാദിത്തം ഓർമപ്പെടുത്തലാണ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയുക്തരാകുന്നവർ അതിൽ മറ്റു താൽപര്യങ്ങൾ കടത്തരുത്. കുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടി പ്രത്യേകം പ്രത്യക്ഷ സമരങ്ങൾ നടത്തേണ്ടി വരുന്നത് ഖേദകരമാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത സമൂഹങ്ങളെ ചരിത്രം വിചാരണ ചെയ്യാതിരിക്കില്ല. 


കേരളത്തിലെ കുടുംബങ്ങളും, തൊഴിലിടങ്ങളും പൊതു ഇടങ്ങളും മാറിയിട്ടുണ്ട്. പഴയ പോലെ സന്ധ്യയാകുമ്പോൾ വീട്ടിലേക്കു മടങ്ങുന്ന കാർഷിക തൊഴിലിടങ്ങളിൽ അല്ല ഏറെപ്പേരും പണി യെടുക്കുന്നത്. അമ്മമാരും ദൂരെ ജോലിക്ക് പോകുന്ന സാഹചര്യമാണുള്ളത്. അണുകുടുംബങ്ങളിൽ  കുഞ്ഞുങ്ങൾ തനിച്ചാകുന്ന സാഹചര്യങ്ങളാണുള്ളത്. കുട്ടികളെ അവകാശബോധമുള്ളവരായി സ്വതന്ത്രരായി വളരാൻ, മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. 
കേരളത്തിൽ അതിക്രമത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളിൽ സമൂഹത്തിലെ ദുർബല വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ് കൂടുതലും. സാമൂഹ്യമായ ജാഗ്രതക്കുറവ് ഇവിടെ പ്രധാന കാരണമാണ്. സ്വന്തം വീടുള്ളപ്പോഴാണ് നല്ല അയൽപക്കവും റസിഡന്റ്‌സ് അസോസിയേഷനുകളും ഉണ്ടാകുന്നത്. ഇടക്കിടെ ഓടിയോടി താമസം മാറേണ്ടിവരുന്നവർക്ക് അത്തരം സാമൂഹ്യ മൂലധനങ്ങൾ ഉണ്ടാവുന്നില്ലല്ലോ. 


സമൂഹത്തിന്റെ ഇത്തരം വിഭവദാരിദ്ര്യം കുട്ടികളുടെയും സമൂഹത്തിന്റെയും അരക്ഷിതാവസ്ഥക്ക് കാരണമാകുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് അവയെ മറികടക്കാവുന്ന സംവിധാനങ്ങൾക്ക് രൂപം കൊടുക്കണം. മറിച്ച് അവരെ സദാചാര പോലീസിംഗിന് വിധേയമാക്കുകയല്ല വേണ്ടത്. അതിക്രമത്തിന് ഇരയാകുന്നവർ ദുർബല സമൂഹത്തിൽ നിന്നുള്ളവരാകുമ്പോൾ പ്രതിയെ രക്ഷിക്കുന്ന തരത്തിൽ സംവിധാനങ്ങൾ മാറുന്നത് പ്രതിഷേധകരമാണ്. പ്രത്യേക പിന്തുണ ആവശ്യമുള്ളവർ പ്രതികളല്ല ഇരകളാണ് എന്നത് പോലും മറന്ന പോലെയാണ്. ഇതിനു മാറ്റം ഉണ്ടാകേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും കുഞ്ഞുങ്ങളെ അതിക്രമത്തിനിരയാക്കിയവരെ സഹായിക്കില്ല എന്ന് പരസ്യമായി പറയേണ്ടതുണ്ട്. 
കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളിൽ   രാഷ്ട്രീയതാൽപര്യമില്ല എന്ന് വിളിച്ചു പറയേണ്ടതുണ്ട്. അതേ, വാളയാർ അട്ടപ്പള്ളത്ത് മരിച്ചു (കൊല്ലപ്പെട്ട് ) പോയ കുഞ്ഞുങ്ങളുടെ തുറിച്ചു നോക്കുന്ന കണ്ണുകൾക്ക് മുന്നിൽ നമ്മൾ തലതാഴ്ത്തി നിൽക്കുകയാണ്. അവർ ചോദിക്കുന്നു, നിങ്ങളെങ്ങനെ തലയുയർത്തി നടക്കുന്നു?  ഞങ്ങളെ ഇങ്ങനെ അപമാനിച്ചു കൊലപ്പെടുത്തിക്കഴിയുമ്പോഴും?

Latest News