ന്യൂദല്‍ഹി- മുസഫര്‍ നഗര്‍ അഭയ കേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ വിധി പറയുന്നത് ഫെബ്രുവരി 11ന് . ദല്‍ഹി കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിക്കുക. ഇരുപത് പേരുടെ പ്രതിപ്പട്ടികയില്‍ 19പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ത പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് തീയതി നിശ്ചയിച്ചത്.
കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷയും ജീവപര്യന്തം തടവും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു.മുഖ്യപ്രതിയും അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായ ബ്രജേഷ് ഠാക്കൂര്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷാവിധി അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കോടതി പ്രഖ്യാപിക്കുക.ബീറ്റാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ നിയമസഭാംഗമായ താക്കൂര്‍ അടക്കമുള്ളവര്‍ക്ക് എതിരെ ചുമത്തിയ ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക പീഡനം,പോക്‌സോ എന്നി വകുപ്പുകള്‍ തെളിഞ്ഞതായി കോടതി അറിയിച്ചിരുന്നു . അതേസമയം ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി മുസഫര്‍പുരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കൗണ്‍സിലിങ്ങിലാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത 34 പേരാണ് ബലാല്‍സംഗങ്ങള്‍ക്ക് ഇരയായിരുന്നത്.