ന്യൂദൽഹി- ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ കേന്ദ്ര സർക്കാർ. ചന്ദൻ സിംഗ്, നാമേശ്വർ റാവു എന്നിവർ ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം മറുപടി നൽകി. പൗരത്വ വിഷയം വിവാദമായ ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാറിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.
ദേശീയ തലത്തിൽ എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് മറുപടി നൽകിയത്. നിലവിൽ എൻആർസി അസമിൽ മാത്രമാണു നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും മറുപടിയിൽ പറയുന്നു.
പൗരത്വ വിഷയവുമായി ബസപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ രാജ്യമൊട്ടാകെ എൻ.ആർ.സി നടപ്പാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിലപാട് മയപ്പെടുത്തിയിരുന്നു.