ന്യൂദല്‍ഹി- ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുന്നതു തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തോടുള്ള ചോദ്യത്തിന് മറുപടിയായാണ് വിശദീകരണം. എന്നാല്‍ എന്‍.ആര്‍.സി നടപ്പാക്കില്ല എന്ന് ഖണ്ഡിതമായി പറയാന്‍ മ്ന്ത്രി തയാറായില്ല. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു വിശദീകരണം.
മറുപടിക്കിടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ നിര്‍ത്തിവച്ചു. നിലവില്‍ എന്‍.ആര്‍.സി അസമില്‍ മാത്രമാണു നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ രംഗത്തെത്തിയതും രാജ്യവ്യാപകമായ പ്രക്ഷോഭവും സര്‍ക്കാരിന്റെ നടപടികള്‍ മന്ദീഭവിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.