ന്യൂദല്‍ഹി- ലോക്‌സഭയില്‍ ബി.ജെ.പിയെ വലിച്ചുകീറി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വീണ്ടും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ്
വിവാദമായ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് അവര്‍ രൂക്ഷ വിമര്‍ശം നടത്തിയത്.
വോട്ട് ചെയ്ത പൗരന്മാരെയാണ് ബിജെപി വഞ്ചിച്ചതെന്നും അധികാരത്തിലെത്തിച്ച വോട്ടര്‍മാരുടെ പൗരത്വത്തെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണെന്നും മൊയ്ത്ര പറഞ്ഞു.
സര്‍ക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മാനവികത പൂര്‍ണമായും നഷ്ടപ്പെട്ടു. രാജ്യത്തെ 130 കോടി വോട്ടര്‍മാരില്‍ 23 കോടി വോട്ടര്‍മാര്‍ മാത്രമാണ് നിങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ജനാധിപത്യം മറികടക്കാനും ഭരണഘടനാവിരുദ്ധമായ അധികാരങ്ങള്‍ പ്രയോഗിക്കാനും ശ്രമിക്കരുതെന്ന് മഹുവ മൊയ്ത്ര ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചു. സംഘികളും ഹിന്ദുക്കളും മാത്രമല്ല നിങ്ങള്‍ക്ക് വോട്ട് ചെയ്തതെന്ന് ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണില്‍ പാര്‍ലമെന്റില്‍ മഹുവ നടത്തിയ ആദ്യത്തെ പ്രസംഗം ജനങ്ങളുടെ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.