തബൂക്ക് - കിംഗ് ഫഹദ് റോഡ് പാലത്തിനു മുകളിൽ ഇന്നലെ രാവിലെ ഇരുപത് കാറുകൾ കൂട്ടിയിടിച്ചു. കാറുകളിലൊന്ന് പെട്ടെന്ന് നിർത്തിയതോടെ പിന്നിലുള്ള കാറുകൾ നിരനിരയായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ ഒഴിച്ചാൽ അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ദിബാ റോഡ്, തബൂക്ക് യൂനിവേഴ്സിറ്റി ദിശയിലുള്ള ഈ പാലം രണ്ടു മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. രാവിലെ കടുത്ത തിരക്കാണ് ഈ പാലത്തിൽ അനുഭവപ്പെടുന്നത്.
അപകടത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റതായി തബൂക്ക് റെഡ് ക്രസന്റ് അറിയിച്ചു. ഇയാൾക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് സംഘം പ്രാഥമിക ശുശ്രൂഷകൾ നൽകി. ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കുന്നതിന് ഇയാൾ വിസമ്മതിച്ചതായും റെഡ് ക്രസന്റ് അറിയിച്ചു.