Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന്  നടിക്കുന്നത് ഫെഡറൽ സംവിധാനങ്ങളോടുള്ള വെല്ലുവിളി- പി.കെ.കുഞ്ഞാലിക്കുട്ടി

ന്യൂദൽഹി- പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്‌ട്രേഷൻ നടപ്പാക്കാനുള്ള നീക്കത്തിനെതിരെയും രാജ്യത്ത് നടക്കുന്ന വൻ ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. 
വിവേചന വ്യവസ്ഥകളടങ്ങിയ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ല. പൗരത്വ നിയമത്തിനനുകൂലമായി വോട്ട് ചെയ്ത പാർട്ടികൾ പോലും അതിനതിരെ രംഗത്ത് വന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നടന്ന നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട് പ്രതിപക്ഷ നിരയിൽനിന്ന് ആദ്യം സംസാരിച്ച പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കടുത്ത വിമർശനങ്ങളാണ് സർക്കാറിനെതിരെ ഉയർത്തിയത്. ഭരണകക്ഷിയുമായി സഹകരിച്ചിരുന്ന കക്ഷികൾ പോലും പൗരത്വ നിയമത്തിലെ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. 


രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാർ നയം അംഗീകരിക്കില്ലന്ന് വ്യക്തമാക്കിയിട്ടും പൗരത്വ ഭേദഗതിയുമായി മുന്നോട്ട് പോവുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ ഉന്നതസ്ഥാനത്തുള്ളവർ പോലും സമരക്കാരെ  വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്യുകയാണന്നും നേതാക്കളുടെ പ്രസംഗത്തിൽനിന്ന് പ്രചോദിതരായി ബി.ജെ.പി പ്രവത്തകർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


പരസ്യമായി വെടിവെയ്പ്പ് നടത്തിയവർക്കെതിരെ പോലും യു.എ.പി.എ ചുമത്താൻ ഭരണകൂടം തയ്യാറാവാത്തതെന്തന്നും അദ്ദേഹം ചോദിച്ചു. ദിനേന രാജ്യതലസ്ഥാനത്ത് വെടിവെയ്പ്പ് നടന്നിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. സർക്കാർ അക്രമികളെ പ്രോൽസാഹിപ്പിക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പ് ജയിക്കാനായി ജനങ്ങളെ ഭിന്നിപ്പിച്ചാൽ മതിയെന്ന ധാരണയാണ് ബി.ജെ.പിക്കുള്ളത്. കരുതിക്കൂട്ടി അതാണവർ ചെയ്തു കൊണ്ടിരക്കുന്നത്. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് എക്കാലവും ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ പറ്റി യാതൊരു താൽപര്യമോ ആശങ്കയോ ഭരണകൂടത്തിനില്ല. തെരഞ്ഞടുപ്പ് വരുമ്പോൾ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന ചിന്തയാണ് അവരെ നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ ദാരിദ്ര്യവും കുടിവെള്ളവും മറ്റ് വികസനകാര്യങ്ങളുമാണ് ആംആദ്മിയും കോൺഗ്രസും ഡൽഹി തെരഞ്ഞടുപ്പിൽ ചർച്ചചെയ്യുന്നതെങ്കിൽ എങ്ങനെ വർഗീയ പ്രചാരണം നടത്താനാവും എന്നതിലാണ് ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി പരാമർശിച്ചില്ലന്നത് നിരാശാജനകമാണ്. യു.പി.എ ഭരണകാലത്ത് ജി.ഡി.പി കുതിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനായാണ് സർക്കാറിനെ ജനങ്ങൾ തെരഞ്ഞടുത്തത്. എന്നാൽ ഭരണഘടന സംരക്ഷിക്കാനായി ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതാണ് ഇന്ന് രാജ്യമാകെമാനം കാണാനാവുന്നത്. ജനാധിപത്യ റാങ്കിങ്ങിലും സാമ്പത്തിക മുന്നേറ്റത്തിലും ഇന്ത്യയെ മാതൃകയായാണ് ലോകരാജ്യങ്ങൾ മുൻകാലങ്ങളിൽ കണ്ടിരുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

Latest News