ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ബൈജുനഗര്‍ ഗ്രാമത്തിലെ ഫൂല്‍ ചന്ദിന്റെ(65) മൃതദേഹമാണ് കണ്ടെതിയത്. വെള്ളിയാഴ്ച കരിമ്പിന്‍ ത്തോട്ടത്തിലേയ്ക്ക് പോയ ഫൂല്‍ ചന്ദിനെ കാണാതയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ ഫൂല്‍ ചന്ദിനെ മൃഗങ്ങള്‍ കൊലപ്പെടുത്തി ഭക്ഷിച്ചതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി കാട്ടിനുള്ളില്‍ ഉപേക്ഷിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല എന്ന് പിടിആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ഖണ്ടേന്‍വാള്‍ വ്യക്തമാക്കി. കടുവയും രണ്ട് കുട്ടികളും ചേര്‍ന്ന് ഭക്ഷിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു.
പിതാവിനെ കടുവകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ഫൂല്‍ ചന്ദിന്റെ മകന്‍ ആരോപിക്കുന്നത്. കടുവാ സങ്കേതത്തില്‍നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ഫൂല്‍ ചന്ദിന്റെ കരിമ്പ് പാടം. എന്നാല്‍ കൃഷിയിടത്തില്‍നിന്നും മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതിന്റെ പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കൃഷിയിടത്തില്‍ കഴിഞ്ഞമാസം തന്നെ കടുവകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു എന്നും വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല എന്നും ഫൂല്‍ ചന്ദിന്റെ മകന്‍ ആരോപിയ്ക്കുന്നു.