ന്യൂദൽഹി- പാര്‍ലമെന്റില്‍ രാജീവ് ഗാന്ധിയെ 'രാജീവ് ഫിറോസ് ഖാന്‍' എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി പര്‍വേശ് വര്‍മ. ഷഹീന്‍ ബാഗിലെ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് എംപി വിവാദ പരാമര്‍ശം നടത്തിയത്.
സിഎഎയ്‌ക്കെതിരായ ഷഹീൻ ബാഗ് പ്രതിഷേധം ദേശവിരുദ്ധമാണ്, അവർ ആസാമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെടുന്നു. അവർക്ക് ജിന്നയുടെ ആസാദിയാണ് ആവശ്യം. എന്നാല്‍ ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ല. ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്. അതിനാല്‍ സിഎഎയെ പിൻവലിക്കുന്ന പ്രശ്നമില്ലെന്നും പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടെ പര്‍വേശ് വര്‍മ്മ പറഞ്ഞു.
ഇന്ദിരാ ഗാന്ധി ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്. എന്നാല്‍ അവര്‍ വരുടെ മതം മറച്ചുവെക്കുകയാണെന്നും പര്‍വേശ് വര്‍മ പറഞ്ഞു.
ഇന്ദിരാഗാന്ധി വിവാഹം കഴിച്ച പാര്‍സി മതക്കാരനായ ഫിറോസ് ഖാനെ മുസ്ലീമായി ചിത്രീകരിച്ചാണ് പശ്ചിമ ദില്ലി എംപിയായ വര്‍മ "രാജീവ് ഫിറോസ് ഖാൻ" എന്ന പരാമർശം നടത്തിയത്.
ജയ് ശ്രീ റാം മതപരമായ മുദ്രാവാക്യം മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം കൂടിയാണെന്നും, ജയ് ശ്രീ റാം വിളിക്കുകയാണെങ്കില്‍ നിങ്ങളുടെ എല്ലാ പാപങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അവകാശപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, ഷഹീന്‍ ബാഗില്‍ സമാധാനപരാമായി പ്രതിഷേധിക്കുന്നവരെ കുറിച്ച് മതസ്പര്‍ദ്ധയുളവാക്കുന്നതരത്തില്‍ പ്രസ്താവന നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 96 മണിക്കൂര്‍ പ്രചരണവിലക്ക് നേരിട്ട ബിജെപി നേതാവാണ് പര്‍വേശ് വര്‍മ. ഷഹീന്‍ ബാഗിലെ സമരക്കാര്‍ "നിങ്ങളുടെ വീടുകളിൽ കടന്ന്, നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യും" എന്നായിരുന്നു ആള്‍ക്കൂട്ടത്തെ ഇളക്കിവിടാന്‍ ഉദ്ദേശിച്ച് പ്രചരണ യോഗത്തില്‍ വര്‍മ പ്രസംഗിച്ചത്.