ലണ്ടന്‍- തെക്കന്‍ ലണ്ടനില്‍ രണ്ടു പേരെ കുത്തിപ്പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് പോലീസ് വെടിവെച്ചു കൊന്ന സുദേശ് അമ്മാന്‍ മാതാപിതാക്കളുടെ തലയറുക്കാന്‍ കാമുകിയെ പ്രേരിപ്പിച്ചിരുന്നുവെന്ന് പോലീസ്. അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രേരിപ്പിച്ചതിന് ഇയാളെ നേരത്തെ ജയിലിലടച്ചിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുദേശ് അമ്മാനെ 2018 നവംബറിലാണ് ഭീകരത പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖകളുമായി ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത മാസം മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുകുയം ചെയ്തു.
പതിനേഴാം വയസ്സിലാണ് ഭീകരതയിലേക്ക് ആകൃഷ്ടനായതെന്നും അപ്പോള്‍ മാതാവിനും ഇളയ സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു താമസമെന്നും അധികൃതര്‍ പറയുന്നു. 2018 ഏപ്രിലിലാണ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതും വടക്കന്‍ ലണ്ടിനില്‍വെച്ച് അറസ്റ്റിലായതും.
സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുമുള്ള സാമഗ്രികള്‍ ഡൗണ്‍ ലോഡ് ചെയ്തിരുന്നതായി ഇയാളുടെ കമ്പ്യൂട്ടറുകളും ഫോണും പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കുടുംബത്തോടും സുഹൃത്തുക്കളോടും കാമുകിയോടും തീവ്രമായ വീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നതായും കത്തി ഉപയോഗിച്ച് ആക്രമണം നടത്താനുള്ള നീക്കം ചര്‍ച്ച ചെയ്തതായും സന്ദേശങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പോലീസ് പറഞ്ഞു.