ബെയ്ജിംഗ്- കൊറോണ വൈറസ് വ്യാപിക്കുന്ന ചൈനയില്‍ മരണസംഖ്യ 361 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയതായി ദേശീയ ആരോഗ്യ കമ്മീഷന്‍ വെളിപ്പെടുത്തി. ചികിത്സയില്‍ കഴിയുന്നവരില്‍ 478 പേരുടെ നില ഗുരുതരമാണ്. ചൈനക്കു പുറമെ മറ്റു 26 രാജ്യങ്ങളിലായി 168 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റാദ്ദാക്കിയിരിക്കയാണ്. ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരുന്നുകള്‍ക്കും പ്രതിരോധ സംവിധനങ്ങള്‍ക്കും ചൈന യൂറോപ്യന്‍ യൂനിയന്റെ സഹായം തേടി. ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മായാണ് കാരണമെന്നും പറയുന്നു.
അതിനിടെ, ചൈനീസ് അതിര്‍ത്തി അടക്കണമെന്ന് ആവശ്യപ്പെട്ട് ഹോങ്കോംഗില്‍ ജനങ്ങള്‍ സമരം തുടങ്ങി. ക്വീന്‍ മേരി ഹോസ്പിറ്റലിനു സമീപം ആരോഗ്യ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ഹോങ്കോംഗില്‍ ഇതുവരെ 15 കൊറോണ ബാധയാണ് സ്ഥിരീകരിച്ചത്.