ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയയിലും പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ച സംഭവങ്ങളെ തുടര്‍ന്ന് ദല്‍ഹി സൗത്ത് ഈസ്റ്റ് ഡി.സി.പി ചിന്മോയ് ബിസ്വാലിനു മാറ്റം. ചുമതല ഒഴിയാനും ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്. അഡീഷനല്‍ ഡി.സി.പി കുമാര്‍ ഗ്യാനേഷിനോട് ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലാണ് സീനയറായ അഡീഷനല്‍ ഡി.ജി.പി ഗ്യാനേഷ് കുമാറിനോട് ചുതലയേല്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു. ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗമാണ് പോലീസ് മേധാവിയെ മാറ്റാന്‍ തീരുമാനമെടുത്തത്.
ഷഹീന്‍ ബാഗ് പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച വൈകിട്ട് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സമരവേദിക്കടുത്ത് നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ചില ഓഫീസര്‍മാര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെന്ന് ഓഖ്‌ല മണ്ഡലത്തിലെ മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.