ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി നടപ്പിലാക്കിയത് റഷ്യന്‍ മാതൃക. പ്രതി ഇതിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ഫാറൂഖാബാദിലെ കതാരിയ ഗ്രാമത്തില്‍ കുട്ടികളെ ബന്ദികളാക്കിയ സുഭാഷ് ബത്താമിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കുട്ടികളെ ബന്ദികളാക്കി വിലപേശുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഇതിനായി നേരത്തെ നടന്ന സമാനസംഭവങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
മകളുടെ ജന്മദിനാഘോഷമെന്ന് പറഞ്ഞാണ് കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം പോലീസും കമാന്‍ഡോകളും ചേര്‍ന്ന് സുഭാഷിനെ വെടിവെച്ചു കൊന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
2004ല്‍ റഷ്യയില്‍ നടന്ന സമാനസംഭവത്തെക്കുറിച്ച് സുഭാഷ് വിശദമായി പഠിച്ചിരുന്നു. ഇതോടൊപ്പം ബോംബ് നിര്‍മിക്കാനുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു.
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സുഭാഷ് നാലുമാസം മുമ്പ് ഒരു കവര്‍ച്ചാക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനാല്‍ ജയിലിലെ സഹതടവുകാര്‍ക്കൊപ്പം ചേര്‍ന്നാണ് കുട്ടികളെ ബന്ദികളാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇതിനായി ചില തടവുപുള്ളികള്‍ സുഭാഷിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സഹതടവുകാരുടെ സഹായത്തോടെയാണ് ബോംബുകളും ആയുധങ്ങളും സംഘടിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുഭാഷിന്റെ വീട്ടില്‍നിന്ന് 135 നാടന്‍ ബോംബുകളും തോക്കും തിരകളും കണ്ടെടുത്തിരുന്നു.