Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് നാട്ടിലെ വരുമാനത്തിന് മാത്രം നികുതി-നിർമല സീതാരാമൻ

ന്യൂദൽഹി- പ്രവാസികൾ അവരുടെ ഇന്ത്യയിലുള്ള വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രവാസികൾ അവർക്ക് വിദേശത്തുള്ള വരുമാനത്തിന് നികുതി നൽകുന്ന നിയമമില്ലെന്നും അവർ വ്യക്തമാക്കി. ബിസിനസ് ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല ഇക്കാര്യം പറഞ്ഞത്. 
പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചിരുന്നു. 
പ്രവാസികളെ രണ്ട് തരത്തിലാണ് നികുതിവലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. വിദേശ ഇന്ത്യക്കാരൻ എന്ന നിർവചനം തിരുത്തുകയാണ് ഒരു നടപടി. ഇന്ത്യക്ക് പുറത്ത് തുടർച്ചയായി 182 ദിവസം താമസിക്കുന്നവരാണ് വിദേശ ഇന്ത്യക്കാരുടെ ഗണത്തിൽ ഇതുവരെ ഉൾപ്പെട്ടിരുന്നത്. ഇത് 240 ദിവസമായി ഉയർത്തും. 120 ദിവസം തുടർച്ചയായി നാട്ടിൽ നിൽക്കുന്നവരെ സാധാരണ ഇന്ത്യൻ പൗരന്മാരായി പരിഗണിക്കുകയും അവരുടെ ഇന്ത്യയിലുള്ള ആഗോള സമ്പാദ്യത്തിന് നികുതി ഈടാക്കുകയും ചെയ്യാനാണ് നീക്കം. 
ആദായ നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ആദായ നികുതി ഏർപ്പെടുത്താനാണ് മറ്റൊരു നീക്കം. അതേസമയം, ഏതു രാജ്യത്തെ വിസയിലാണ് ഇവരുള്ളത് ആ രാജ്യത്ത് അവർ നികുതി നൽകുന്നുണ്ടെങ്കിൽ ഇന്ത്യയിൽ നികുതി അടക്കേണ്ടി വരില്ല. 
സ്ഥിരമായി ഒരു രാജ്യത്ത് തങ്ങാത്ത പ്രവാസികളും ഇന്ത്യയിൽ നികുതി അടക്കേണ്ടി വരും. പല രാജ്യങ്ങളിലായി മാറിമാറി യാത്ര ചെയ്യുന്നവരെയാണ് ഇത് ബാധിക്കുക. എന്തായാലും പതുക്കെപ്പതുക്കെ പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മോഡി സർക്കാർ. പുതിയ നിയമം എപ്പോൾ നടപ്പിൽ വരുമെന്നോ എത്ര ശതമാനമായിരിക്കും നികുതി നിരക്ക് എന്നോ ഇപ്പോൾ വ്യക്തമല്ല.
നാട്ടിൽ വ്യക്തിഗത ആദായ നികുതി അടക്കുന്നവർക്ക് മുന്നിൽ രണ്ടു തരം നികുതി ഘടന ബജറ്റിലൂടെ അവതരിപ്പിച്ചു. ഇളവുകൾ ഒന്നും പ്രയോജനപ്പെടുത്താത്തവർക്ക് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ നികുതി മാത്രം അടയ്ക്കാനുളള അവസരം ഒരുക്കുന്നതാണ് പുതിയ ആദായ നികുതി ഘടന. അതേസമയം, വർഷാവർഷം ഇൻഷുറൻസ് ഉൾപ്പെടെയുളള നികുതി ഇളവുകൾ പ്രയോജനപ്പെടുത്തുന്നവർക്ക് വീണ്ടും സേവനം ലഭിക്കുന്നതിനാണ് പഴയ നികുതി ഘടന നിലനിർത്തിയിരിക്കുന്നത്.
പഴയതും പുതിയതുമായ നികുതി ഘടന അനുസരിച്ച് 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ചു ശതമാനം നികുതി അടയ്ക്കണം. എന്നാൽ അഞ്ചു ലക്ഷത്തിന് താഴെയാണ് വരുമാനമെങ്കിൽ റിബേറ്റ് ലഭിക്കുമെന്നതിനാൽ ഫലത്തിൽ നികുതി അടയ്‌ക്കേണ്ടതില്ല. 
പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇക്കാര്യത്തിൽ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. 

Latest News