ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിന് എതിരെ വൻ പ്രതിഷേധം നടക്കുന്ന ദൽഹിയിലെ ഷഹീൻ ബാഗിലും ജാമിഅ യൂണിവേഴ്‌സിറ്റിയിലും നാളെ (ഫെബ്രുവരി 2ന്) വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ ബി.ജെ.പി ആലോചിക്കുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ് സിങ്. അമിത്ഷായാണ് ഇതിനെല്ലാം പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ദൽഹി പോലീസിന്റെ നിയന്ത്രണം പൂർണമായും അമിത് ഷാക്കാണ്. ആദ്യം അദ്ദേഹം ബി.ജെ.പി മന്ത്രിയെ വിദ്വേഷ പ്രസംഗം നടത്താനും അക്രമം ആരംഭിക്കാനുമുള്ള പ്രോത്സാഹനം നൽകി. പരസ്യമായി തെരുവിലൂടെ ഒരാൾ തോക്കുമായി നടക്കുകയും വെടിവെക്കുകയും ചെയ്യുന്നു. അമിത്ഷാ ആഭ്യന്തര മന്ത്രിയായതിന് ശേഷം ക്രമസമാധാനപാലനം മോശം അവസ്ഥയിലേക്ക് മാറി. ഇപ്പോൾ അവർ ഷഹീൻ ബാഗിലും ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവ്വകലാശാലയിലും വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ ആലോചിക്കുന്നു. അത് ജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.