നാഗ്പൂര്‍- മഹാരാഷ്ട്രയില്‍ ഗോ രക്ഷകരാകുന്ന പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്.പി) തീരുമാനം. ഗോ സംരക്ഷക വേഷം കെട്ടി രാജ്യത്ത് പലയിടത്തും ആള്‍ക്കൂട്ടം ജനങ്ങള്‍ക്കെതിരെ ആക്രമം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കവുമായി വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്. പശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വളണ്ടിയറായി സേവനം ചെയ്യാന്‍ തയാറാകുന്ന പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും വിഎച്ച്പിയുടെ വിദര്‍ഭ മേഖലാ പ്രാന്ത് മന്ത്രി അജയ് നില്‍ദാവര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി വിഎച്ച്പി നടത്തിയ മൂന്ന് വട്ട ചര്‍ച്ചകളുടെ ഫലമായാണ് ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പശു സംരക്ഷകരെ സാമൂഹിക വിരുദ്ധരില്‍ നിന്നും വേര്‍ത്തിരിച്ചറിയാനാണിതെന്നും നില്‍ദാവര്‍ പറഞ്ഞു.