റിയാദ് - ഗൾഫിൽ ഏറ്റവും വലിയ സൈനിക ശക്തി സൗദി അറേബ്യയാണെന്നും സൈനികമായി ഏറ്റവും ദുർബലം ഖത്തറാണെന്നും ലോക രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തുന്ന ഗ്ലോബൽ ഫയർപവർ വിലയിരുത്തുന്നു. സൈനിക ശക്തിയിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇയാണ്. ഗൾഫിൽ ഒന്നാമതായ സൗദി അറേബ്യ ആഗോള തലത്തിൽ 25 ാമത് സൈനിക ശക്തിയാണ്.
സൗദിയിൽ 2,30,000 സൈനികരാണുള്ളത്. വിവിധ ഇനങ്ങളിൽ പെട്ട 848 പോർവിമാനങ്ങളും 1,062 പാറ്റൺ ടാങ്കുകളും 12,000 ലേറെ കവചിത വാഹനങ്ങളും സൗദി സൈന്യത്തിന്റെ പക്കലുണ്ട്. കവചിത ആയുധ ശക്തിയിൽ ലോക സൈനിക ശക്തികളായ ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, മേഖലാ ശക്തികളായ ഇറാൻ, തുർക്കി, ഇസ്രായിൽ എന്നീ രാജ്യങ്ങളെക്കാൾ മുന്നിലാണ് സൗദി അറേബ്യ.
ഗൾഫിൽ രണ്ടാമത്തെ സൈനിക ശക്തിയായ യു.എ.ഇ ആഗോള തലത്തിൽ സൈനിക ശക്തിയുടെ കാര്യത്തിൽ 62-ാം സ്ഥാനത്താണ്. യു.എ.ഇ സായുധ സേനയിൽ 64,000 സൈനികരുണ്ട്. യു.എ.ഇയിൽ 540 പോർവിമാനങ്ങളും 510 പാറ്റൺ ടാങ്കുകളും 5,900 സൈനിക കവചിത വാഹനങ്ങളുമുണ്ട്. ഗൾഫിൽ മൂന്നാമത്തെ സൈനിക ശക്തിയായ ഒമാനിൽ 42,500 സൈനികരും 175 യുദ്ധ വിമാനങ്ങളും 117 പാറ്റൺ ടാങ്കുകളും 730 സൈനിക കവചിത വാഹനങ്ങളുമുണ്ട്. ആഗോള തലത്തിൽ സൈനിക ശക്തിയിൽ 82-ാം സ്ഥാനത്താണ് ഒമാൻ. 39,500 സൈനികരുള്ള കുവൈത്ത് സൈനിക ശക്തിയിൽ ഗൾഫിൽ നാലാം സ്ഥാനത്തും ആഗോള തലത്തിൽ 84-ാം സ്ഥാനത്തുമാണ്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട 85 യുദ്ധ വിമാനങ്ങളും 567 പാറ്റൺ ടാങ്കുകളും 700 ലേറെ സൈനിക കവചിത വാഹനങ്ങളും കുവൈത്ത് സൈന്യത്തിന്റെ പക്കലുണ്ട്.
സൈനിക ശക്തിയിൽ അഞ്ചാം സ്ഥാനത്തുള്ള ബഹ്‌റൈനിൽ 8,200 സൈനികരും 107 യുദ്ധ വിമാനങ്ങളും 180 പാറ്റൺ ടാങ്കുകളും 850 സൈനിക കവചിത വാഹനങ്ങളുമുണ്ട്. ലോക റാങ്കിംഗിൽ ബഹ്‌റൈൻ സൈന്യം 98-ാം സ്ഥാനത്താണ്. ഗൾഫിൽ ഏറ്റവും ദുർബലമായ സൈനിക ശക്തിയായ ഖത്തറിൽ 12,000 സൈനികരാണുള്ളത്. 100 പോർവിമാനങ്ങളും 95 പാറ്റൺ ടാങ്കുകളും 65 സൈനിക കവചിത വാഹനങ്ങളുമുള്ള ഖത്തർ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി പട്ടികയിൽ 106-ാം സ്ഥാനത്താണ്.