Sorry, you need to enable JavaScript to visit this website.

ഗാന്ധിജിയെ നിറയൊഴിച്ച ആശയം 

ജീവിതം കൊണ്ട് മാത്രമല്ല, മരണം കൊണ്ടും ഹിന്ദുത്വത്തെ ചെറുത്തുവെന്നതാണ് ഗാന്ധിജിയുടെ പ്രസക്തിയെന്ന് പല ഗവേഷകരും ചിന്തകരും നിരീക്ഷിച്ചിട്ടുണ്ട്. ജീവിതത്തിൽ ഗാന്ധിജി ഹിന്ദുത്വത്തെ പ്രതിരോധിച്ചത് അഹിംസ പ്രചരിപ്പിച്ചും ഹിന്ദുക്കളിലെ അക്രമോത്സുകത ഇല്ലാതാക്കിയുമാണെങ്കിൽ, മരണത്തിലൂടെ അദ്ദേഹം അടുത്ത നാല് ദശാബ്ദക്കാലത്തേങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ തടുത്തു നിർത്തുകയായിരുന്നു. ഒരു ഹിന്ദുത്വ മതഭ്രാന്തന്റെ വെടിയേറ്റല്ല ഗാന്ധിജിയുടെ മരണമെങ്കിൽ, തീർച്ചയായും എന്നേ ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയം ആർ.എസ്.എസിന്റെ പ്രതിലോമപരമായ ആശയങ്ങൾക്ക് വഴിമാറുമായിരുന്നു.


നിരുപാധിക സമത്വം: പ്രതിരോധത്തിന്റെ ഗാന്ധി മതം എന്ന പുസ്തകത്തിൽ ചരിത്രകാരനായ അജയ്  സ്‌കറിയ ഈ ആശയം മുന്നോട്ടു വെക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഗാന്ധിജി നൽകിയ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ മരണത്തിന്റെ രീതിയാണെന്നാണ് അജയ് സ്‌കറിയ നിരീക്ഷിക്കുന്നത്. അക്രമാസക്ത ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളായിരുന്ന വി.ഡി. സവർക്കറെ മനസ്സിലേറ്റിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിൽനിന്നുതിർന്ന വെടിയുണ്ട, അടുത്ത മൂന്നു ദശാബ്ദക്കാലമെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്ന് കുറച്ചൊക്കെ മാറിനിൽക്കാൻ ഹിന്ദുത്വ വക്താക്കളെ പ്രേരിപ്പിച്ചു. ഇതിനിടെ, ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ ഇടപെടലുകൾ അവർ നടത്തിക്കൊണ്ടിരുന്നുവെങ്കിലും ഗാന്ധിഘാതകർ എന്ന കളങ്കം, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സമര മുഖങ്ങൾ കണ്ട ഒരു തലമുറയുടെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ അവർക്ക് കഴിയുമായിരുന്നില്ല. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമാക്കി പരുവപ്പെടുത്തിയെടുക്കുന്നതിൽ രാഷ്ട്ര ശിൽപികൾ ഒരു പരിധി വരെയെങ്കിലും വിജയിച്ചത് ഹിന്ദുത്വ രാഷ്ട്രീയത്തിന് സംഭവിച്ച ഈ അബദ്ധം മൂലമായിരുന്നു. അതുകൊണ്ടാണ് ജീവിച്ചിരുന്ന ഗാന്ധിജി മാത്രമല്ല, കൊല്ലപ്പെട്ട ഗാന്ധിജിയും ഹിന്ദുത്വ വാദികൾക്ക് അലോസരം സൃഷ്ടിച്ചിരുന്നുവെന്ന് പറയേണ്ടി വരുന്നത്.  ജീവിച്ചിരുന്നപ്പോൾ അഹിംസാ വാദം പ്രചരിപ്പിക്കുന്നതിലൂടെ ഹിന്ദുത്വത്തിന്റെ അക്രമോത്സുകതയെ ഗാന്ധിജി നിഷ്പ്രഭമാക്കി.

ഹിന്ദുത്വ ആചാര്യന്മാർ ഈ വസ്തുത തുറന്നു പറഞ്ഞവരാണ്. 1920 കളുടെ ആദ്യം ഗാന്ധിജി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം കോൺഗ്രസിന്റെ പരിപാടിയിൽ അഹിംസയും അക്രമരാഹിത്യവും ഉൾപ്പെടുത്തിയതിനെ വിമർശിച്ച് സംഘ്പരിവാർ നേതാക്കൾ അവരുടെ മുഖപത്രത്തിൽ മുഖപ്രസംഗങ്ങൾ നിരന്തരമായി പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുതിയവരിൽ പ്രമുഖനായ ക്രിസ്റ്റോഫ് ജെഫ്രേലോട്ട് തന്റെ  ദ ഹിന്ദു നാഷനലിസ്റ്റ് മൂവ്‌മെന്റ് ആന്റ് ഇന്ത്യൻ പൊളിറ്റിക്‌സ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ഇവയിൽ ചിലത് എഴുതിയിരുന്നത് കർവീർ പീഠത്തിലെ ശങ്കരാചാര്യരാണെന്ന് അദ്ദേഹം കുറിക്കുന്നു. 23 വർഷങ്ങൾക്ക് ശേഷം ആർ.എസ്.എസ് സൈദ്ധാന്തികരിൽ പ്രമുഖനായ മൂൻജെ ഗാന്ധിജിക്കെഴുതിയ കത്തിൽ ഇക്കാര്യം ഊന്നിപ്പറയുന്നു. 'താങ്കളുടെ അഹിംസാവാദം തള്ളിക്കളയുകയല്ലാതെ എനിക്ക് മറ്റു വഴിയില്ല. കാരണം ഹിന്ദു മഹാസഭ നിലകൊള്ളുന്നത് സംഘടിതവും അച്ചടക്കപൂർണവുമായ അക്രമത്തിന് വേണ്ടിയാണ്. ആധുനിക ശാസ്ത്രീയ മാർഗങ്ങളിലൂടെ അത് നടപ്പാക്കുക തന്നെ ചെയ്യും.' ദേശീയ ചിഹ്നമായിരുന്ന ചർക്കയെ തള്ളിക്കളയുന്നതായും മൂൻജെ പറയുന്നുണ്ട്. അത് ഹിന്ദുക്കളിലെ ആണത്തം ഇല്ലാതാക്കുന്നുവെന്നതാണ് അദ്ദേഹം കാരണം പറയുന്നത്. (വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോഡി, സബർമതി ആശ്രമത്തിലെ ചർക്കയിലിരുന്ന് നൂൽ നൂൽക്കുന്ന ചിത്രം കാലത്തിന്റെ കാവ്യനീതി.)


ഗാന്ധിജി ഹിന്ദുത്വത്തെ പ്രതിരോധിച്ച മറ്റൊരു രീതി, ഒരു സനാതന ഹിന്ദുവിന്റെ യഥാർഥ ചിത്രം സ്വജീവിതത്തിലൂടെ വരച്ചുകാട്ടിക്കൊണ്ടാണ്. ആർ.എസ്.എസിന്റെ പ്രമുഖരായ പല നേതാക്കളും മഹാരാഷ്ട്രാ ബ്രാഹ്മണൻമാരായിരുന്നു. ഭക്തിപ്രധാനമായ തന്റെ ഹിന്ദുമത സങ്കൽപത്തിലൂടെ ഗാന്ധിജി ഇവർ ഹൃദയത്തിലേറ്റിയിരുന്ന ബ്രാഹ്മണിക്കൽ മൂല്യങ്ങളെ തിരസ്‌കരിച്ചു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ സാമൂഹിക പദവികൾക്ക് കോട്ടം തട്ടുന്നതായും ഹിന്ദുത്വ നേതാക്കൾക്ക് തോന്നി. യഥാർഥ അപകടം ഇതായിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷതകളെ മാറ്റിമറിക്കാൻ കെൽപുള്ളതായിരുന്നു ഗാന്ധിജിയുടെ ഈ സാമൂഹിക വിചാരധാര. ഗാന്ധി വധത്തിന് നാഥുറാം ഗോഡ്‌സെയെ പ്രേരിപ്പിച്ച മുഖ്യ വികാരം ഇതായിരുന്നുവെന്ന് എസ്സെയ്‌സ് ഇൻ പൊളിറ്റിക്‌സ് ആന്റ് കൾച്ചർ എന്ന പുസ്തകത്തിൽ എ. നന്തി ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ ചലനാത്മക ശക്തികളായി ഗുജറാത്തി ബനിയകളും മറാത്തികളും ഉയർന്നുവരുന്നത് ചിത്പവൻ ബ്രാഹ്മണനായ ഗോഡ്‌സെ ഞെട്ടലോടെയാണ് കണ്ടത്. തങ്ങളുടെ സാമൂഹിക-സാമ്പത്തിക പദവികളുടെ നട്ടെല്ലൊടിക്കാൻ പര്യാപ്തമാണിതെന്ന് അവർ തിരിച്ചറിഞ്ഞു. ഗാന്ധിജിയോടൊപ്പം ബുദ്ധമതത്തെയും ഹിന്ദുത്വ വാദികൾ പ്രതിക്കൂട്ടിൽ നിർത്തിയതിന് കാരണം അവർ പ്രചരിപ്പിച്ച അഹിംസാവാദമായിരുന്നുവെന്ന് കാണാം. (കാലത്തിന്റെ കുഴമറിച്ചിലിൽ ബുദ്ധഭിക്ഷുക്കൾ ശ്രീലങ്കയിലും മ്യാൻമറിലും സമാനതകളില്ലാത്ത ക്രൂരതകളുടെ ഉടമകളായി മാറുന്നുണ്ട്). ഹിന്ദുക്കളിലെ അക്രമോത്സുകത ഇല്ലാതാക്കിയെന്ന് സ്വാമി വിവേകാനന്ദൻ പോലും ബുദ്ധമതത്തെ കുറ്റപ്പെടുത്തുകയുണ്ടായി. സംഘ്പരിവാറിന് വിവേകാനന്ദൻ സ്വീകാര്യനാവുന്നത് ഇതിലൂടെയാണ്. 


ഗാന്ധിജി സ്വന്തം രക്തസാക്ഷിത്വത്തിലൂടെ തടഞ്ഞുനിർത്തിയ ഹിന്ദുത്വം ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ എന്തുകൊണ്ട് ആധിപത്യം സ്ഥാപിച്ചുവെന്നതിന് ചരിത്രം നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. ഇന്ത്യയിൽ പിന്നീട് ആധിപത്യം നേടിയ ലിബറൽ ചിന്താഗതിക്കാർ ഹിന്ദുത്വത്തിന്റെ അപകടം വേണ്ട രീതിയിൽ മനസ്സിലാക്കിയില്ല എന്ന് മാത്രമല്ല, അവരോട് തോൾചേർന്നു നിൽക്കാൻ പോലും സന്നദ്ധരായി. ഗാന്ധി വധത്തിന്റെ ഗൂഢാലോചനാ കുറ്റത്തിൽനിന്ന് സവർക്കറെ രക്ഷിച്ചെടുത്തതു മുതൽ തുടങ്ങുന്നു ആ സന്ധി. അടിയന്തരാവസ്ഥ ഹിന്ദുത്വ രാഷ്ട്രീയത്തിന് ചെയ്തതുപോലെ സഹായം മറ്റാരും ചെയ്തിട്ടില്ല എന്നതാണ് ശരി. അടിയന്തരാവസ്ഥക്കെതിരായ യോജിച്ച സമരത്തിൽ ജയപ്രകാശ് നാരായൺ ജനസംഘത്തെയും കൂട്ടുപിടിച്ചു. ഇത് അവരെ കൂടുതൽ ജനകീയവൽക്കരിക്കാൻ സഹായിച്ചു. ബി.ജെ.പിയായി പുനരവതരിച്ച ജനസംഘത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്നതാണ് യാഥാർഥ്യം.


ഇപ്പോൾ ശ്രമിക്കുന്നതു പോലെ, മുമ്പും വർഗീയ കലാപങ്ങളിലൂടെയാണ് ഹിന്ദുത്വ ശക്തികൾ ദേശീയ മുഖ്യധാരയിലേക്ക് വളർന്നത്. ദേശീയ തലത്തിലെ അധികാരാരോഹണത്തിന്റെ പരീക്ഷണശാലയായിരുന്നല്ലോ കലാപശാലയായി മാറിയ ഗുജറാത്ത്. സ്വാതന്ത്ര്യത്തിന് തൊട്ടുടനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് മതധ്രുവീകരണമുണ്ടാക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും അത് തടയാൻ അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് ശ്രമിച്ചില്ല എന്ന് പിൽക്കാലത്ത് ചൂണ്ടിക്കാണിക്കപ്പെട്ടു. ആർ.എസ്.എസ് തലവൻ എം.എസ് ഗോൾവാൾക്കറുടെ അറിവോടെയാണ് അത്തരം പല കലാപങ്ങളും സൃഷ്ടിക്കപ്പെട്ടത് എന്നത് ബോധ്യമായിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പന്ത് തയാറായില്ല എന്ന് ആർ.എസ്.എസ് എ മെനേയ്‌സ് ടു ഇന്ത്യ എന്ന പുസ്തകത്തിൽ എ.ജി നൂറാനി പറയുന്നു. ഗോൾവാൾക്കറെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പ്രതീക്ഷിച്ചെത്തിയ ആഭ്യന്തര സെക്രട്ടറി രാജേശ്വർ ദയാലിനോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി ജി.വി. പന്ത്. ഈ നിസ്സംഗതക്ക് രാജ്യം നൽകേണ്ടി വന്നത് ഗാന്ധിജിയുടെ തന്നെ ജീവനായിരുന്നു. 
ജീവിതവും മരണവും പ്രതിലോമപരമായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ സാക്ഷ്യമാക്കി മാറ്റിയ ഗാന്ധിജിയെ നാം പരാജയപ്പെടുത്തുകയാണ് -മോഡിയുടെയും സംഘത്തിന്റെയും ആശയങ്ങൾക്ക് അധികാരത്തിന്റെ ബലം നൽകിക്കൊണ്ട്. ഗാന്ധിജിയെ നിറയൊഴിച്ച ആശയമാണത് എന്ന് എന്തുകൊണ്ടാണ് നാം മറന്നുപോകുന്നത്?

Latest News