ദല്‍ഹി- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ കുടുങ്ങിയ നാന്നൂറോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ഇന്ത്യാ വിമാനം പുറപ്പെട്ടു. ആരോഗ്യവിദഗ്ധര്‍ അടങ്ങിയ സംഘമാണ് ചൈനയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. എയര്‍ഇന്ത്യുടെ ബി 747 വിമാനം വുഹാനിലാണ് എത്തുക.രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് വുഹാനിലേക്ക് പോയിരിക്കുന്നത്. യാത്രികര്‍ക്കായി മരുന്നുകള്‍,ഗ്ലൗസുകള്‍,മാസ്‌കുകള്‍ ,ഭക്ഷണങ്ങള്‍ തുടങ്ങി എല്ലാവിധ സാമഗ്രികളും വിമാനത്തില്‍ കരുതിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
നാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മടങ്ങിവരുന്നവരെ അടുത്ത പതിനാല് ദിവസം ആരോഗ്യവകുപ്പ് നിരീക്ഷിക്കും. ദല്‍ഹി എയിംസില്‍ ഇതിനായി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കും. വുഹാനിലുള്ളവരെ തിരിച്ചെത്തിച്ച ശേഷം ഹ്യുബൈ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്നവരെയും തിരിച്ചെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.