കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ച സംഭവങ്ങളോടെ എന്തിനാണ് ഗവർണർ പദവി എന്ന ചോദ്യം വീണ്ടും സജീവമാവുകയാണ്. ഒരു ജനാധിപത്യ - ഫെഡറൽ സംവിധാനത്തിൽ അത്തരമൊരു പദവിക്ക് ഒരു പ്രസക്തിയുമില്ല എന്നതാണ് വസ്തുത. പരോക്ഷമായി അതംഗീകരിക്കുന്നതിനാലാണ് ഭരണകക്ഷി എന്നും അവർക്ക് അനിവാര്യമല്ലാത്ത മുതിർന്ന നേതാക്കൾക്ക് ഗവർണർ പദവി ഒതുക്കുന്നത്.
കോളനി ഭരണ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരെയാണ് ഗവർണർ എന്നു വിളിച്ചിരുന്നത്. കേന്ദ്ര ഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണർ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണ നിർവഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവർണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവർണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്, നടക്കുന്നത് അങ്ങനെയല്ലെങ്കിലും. കേവലം ആലങ്കാരിക പദവി മാത്രമാണിത്.
ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരിക്കേണ്ടത്. അല്ലാത്ത എന്തും രാജഭരണത്തിന്റെ അവശിഷ്ടം മാത്രമായേ കാണാനാകൂ. തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന, പാർട്ടിക്കു പോലും വേണ്ടാതാകുന്നവരെയാണ് തികച്ചും ജനാധിപത്യ വിരുദ്ധമായി ഗവർണറാക്കുന്നത്. ആരു ഭരിച്ചാലും അതങ്ങനെ തന്നെ. ഇന്ത്യയെപോലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത് അത് ഒഴിവാക്കപ്പെടേണ്ടതാണ്.
ജനാധിപത്യത്തിന്റെ പരമിതികൾ തിരിച്ചറിഞ്ഞ്, തിരുത്തി മുന്നോട്ടു പോകാനാണ് നാം ശ്രമിക്കേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ നാം പിറകോട്ടാണ് നടക്കുന്നത്. മാത്രമല്ല, ഫെഡറലിസം എന്നു പേരിനെങ്കിലും വിളിക്കപ്പെടുന്ന നമ്മുടെ ഭരണ സംവിധാനത്തിനും ഒട്ടും അനുയോജ്യമല്ല, മുകളിൽ നിന്ന് അടിച്ചേൽപിക്കുന്ന ഈ പദവി. സംസ്ഥാനങ്ങളിലെ ജനങ്ങൾക്കോ സർക്കാറിനോ ആ തെരഞ്ഞെടുപ്പിൽ ഒരു റോളുമില്ല.
സർക്കാറിന്റെ നയം പ്രഖ്യാപിക്കാനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും മറ്റുമായി എന്തിനീ പദവി എന്ന ചോദ്യം, കേരളത്തിലെ സമീപകാല സംഭവ വികാസങ്ങളോടെ കൂടുതൽ ശക്തമാവുകയാണ്. തീർച്ചയായും ഈ വിഷയം സങ്കീർണമാണ്. സർക്കാറിന്റെ നയം പ്രഖ്യാപിക്കാൻ മാത്രം എന്തിനീ ഗവർണർ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ, ഈ ഗവർണർ അങ്ങനെയല്ലല്ലോ ചെയ്യുന്നത് എന്ന മറുചോദ്യം ഉന്നയിക്കുന്നവരുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാറിൽ നിന്നു വ്യത്യസ്തമായ നിലപാടെടുത്ത ഗവർണർ അതു പരസ്യമായി പറയുകയും നിയമസഭാ പ്രമേയത്തെ തള്ളിപ്പറയുകയും ചെയ്തില്ലേ എന്നാണവരുടെ ചോദ്യം.
കേട്ടാൽ ശരിയെന്നു തോന്നുന്ന ചോദ്യം. പക്ഷേ അവിടെയാണ് ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിരുദ്ധമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് അതിനുള്ള അധികാരമുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനാൽ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്നേയുള്ളൂ. അധികാരം പ്രയോഗിച്ചാൽ ജനാധിപത്യ - ഫെഡറലിസ്റ്റ് വിരുദ്ധമാകുന്ന, അല്ലെങ്കിൽ കേവലം റബർ സ്റ്റാമ്പാകുന്ന ഈ പദവി അവസാനിപ്പിക്കുക. നിലവിൽ ജനാധിപത്യ സംവിധാനത്തെ മറികടന്നെന്നു പറയാവുന്ന അധികാരമുള്ളത് ജുഡീഷ്യറിക്കാണല്ലോ. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഏതെങ്കിലും ചീഫ് ജസ്റ്റീസ് വായിച്ചു കൊടുക്കട്ടെ എന്നു വെക്കുന്നതാണുചിതം. നയപ്രഖ്യാപനവും മറ്റും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കട്ടെ.
ഭരണപക്ഷവും പ്രതിപക്ഷവും ഗവർണറും തമ്മിൽ നടന്ന ഒരു കളിയായേ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ വിലയിരുത്താനാവൂ. മൂന്നു കൂട്ടരും ഒരുപോലെ വിജയം അവകാശപ്പെടുന്ന കാഴ്ച. വിയോജിപ്പുള്ള ഭാഗം വായിക്കാതിരിക്കുന്ന പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി വിയോജിപ്പ് അതിശക്തിയായി അവതരിപ്പിച്ചുകൊണ്ടു തന്നെ ഭരണപക്ഷത്തുനിന്ന് കൈയടി നേടി എന്ന് ഗവർണർക്ക് ആശ്വസിക്കാം. പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ വിമർശനം ഗവർണറെക്കൊണ്ട് വായിപ്പിക്കാനായി എന്നത് സർക്കാറിന് നേട്ടമായി. പ്രതിഷേധം അതിശക്തമാക്കി ഗവർണറെയും സർക്കാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയെന്നതും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അവിശുദ്ധമായി ധാരണയിലെത്തിയെന്ന് ആരോപണമുന്നയിക്കാനായെന്നതും പ്രതിപക്ഷത്തിനും നേട്ടമായി. ഇനിയും നടക്കാൻ പോകുന്നതും ഈ കളിയുടെ തുടർച്ച തന്നെയായിരിക്കും.