Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ വിമാനം വുഹാനിലേക്ക് തിരിച്ചു;  തിരിച്ചുവരവിനൊരുങ്ങി 31 മലയാളികള്‍

ന്യൂദല്‍ഹി-വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം നടപടിയാരംഭിച്ചു. വുഹാനില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്നു വൈകിട്ട് വിമാനം കയറും. ഉച്ചയ്ക്ക് ആദ്യ എയര്‍ ഇന്ത്യ വിമാനം വുഹാനിലേക്ക് തിരിച്ചു. 423 പേര്‍ക്ക്? യാത്ര ചെയ്യാവുന്ന ജംബോ വിമാനമാണ് വുഹാനിലേക്ക് അയക്കുന്നത്. 16 ജീവനക്കാരുമായിട്ടാണ് വിമാനം യാത്രതിരിക്കുക. രണ്ട് ഡോക്?ടര്‍മാരും മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും. 
ഇന്ത്യക്കാരുമായി ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ വുഹാനില്‍ നിന്നുള്ള മലയാളികളും ഉണ്ടാകുമെന്നണ് സൂചന. പെരിന്തല്‍മണ്ണ സ്വദേശിയുള്‍പ്പെടെയുള്ള 31 മലയാളി വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നും പെരിന്തല്‍മണ്ണ സ്വദേശി അക്ഷയ് പ്രകാശ് (23) പറഞ്ഞു. ആദ്യവിമാനത്തില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. അതേസമയം വിമാനം എപ്പോള്‍ എത്തുമെന്നോ ഇന്ത്യയില്‍ എവിടേക്കാണ് എത്തിക്കുകയെന്നോ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമല്ല. ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
വുഹാന്‍ സിറ്റിയിലെ ഹുബെയ് യൂണിവേഴ്‌സിറ്റി ഓഫ് ചൈനീസ് മെഡിസിന്‍ കാമ്പസിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അക്ഷയ്. രോഗബാധയുടെ ഉറവിടത്തില്‍നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് കോളേജ്കാമ്പസ്. മൂന്നുവര്‍ഷം ഫിലിപ്പീന്‍സിലായിരുന്ന അക്ഷയ് എട്ടുമാസം മുന്‍പാണ് ചൈനയില്‍ എത്തിയത്. മൂന്നുകിലോമീറ്ററോളം ചുറ്റളവിലുള്ള കാമ്പസിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടുന്നില്ല. പത്ത് ദിവസത്തിലേറെയായി കണ്ണിന്റെ ഭാഗമൊഴികെ മൂടിക്കെട്ടിയാണ് കാമ്പസിനുള്ളില്‍ ത്തന്നെ കഴിയുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. അകത്തു നിന്ന് കുട്ടികളാരും പുറത്തേക്ക് പോകുന്നില്ല. അവധിയായതിനാല്‍ കുറെ വിദ്യാര്‍ഥികള്‍ നേരത്തെ മടങ്ങിയിരുന്നു. 
വുഹാനിലുള്ളവര്‍ക്കാണ് ഇന്നത്തെ വിമാനത്തില്‍ പ്രഥമ പരിഗണന. ഹുബെയിലെ മറ്റു പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായി മറ്റൊരു വിമാനവും പിന്നാലെ പുറപ്പെടും. എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്ക് ഒരുങ്ങിയിരിക്കാനാണു നിര്‍ദേശം. നാട്ടില്‍ എത്തിയാലും 14 ദിവസത്തേക്കു മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നാണ് ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശം. വിമാനത്താവളത്തില്‍ എത്തിച്ചാല്‍ വൈദ്യപരിശോധന നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ ചികിത്സയ്ക്ക് വിടുകയും ചെയ്യും.

Latest News