ബംഗളുരു: ടിവിയില്‍ ക്രൈംസീരിസ് കണ്ട് പ്രചോദിതനായ യുവാവ് നഗരത്തിലെ വന്‍കിട ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് പോലിസിന്റെ വലയിലായി. ബസവനഗുഡി ബുള്‍ ടെമ്പിള്‍ റോഡ് സ്വദേശി ചിരാഗ് ആര്‍ മേത്ത (21)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നഗരത്തിലെ വന്‍കിട ബിസിനസുകാരന്റെ മകനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ശേഷം അഞ്ച് ലക്ഷം രൂപ മാതാപിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.എല്ലാദിവസവും വൈകീട്ട് വീട്ടുജോലിക്കാരനാണ് കുട്ടിയെ സ്‌കൂളില്‍ നിന്ന് തിരിച്ചുവിളിക്കാനെത്തുന്നത്. ഇത് നിരീക്ഷിച്ച് മനസിലാക്കിയ പ്രതി പിതാവിന്റെ സുഹൃത്താണെന്ന വ്യാജേന വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയോട് പിതാവിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ച് മനസിലാക്കി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
അഞ്ച് ലക്ഷം രൂപ തന്നാല്‍ മകനെ വിട്ടുതരാമെന്നും വിവരം പോലിസിനെ അറിയിക്കരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ പിതാവ് കോട്ടണ്‍പേട്ട് പോലിസില്‍ പരാതി നല്‍കി. ഇവര്‍ പ്രതിയെ പിടികൂടാനായി വിവിധ ടീമുകള്‍ രൂപീകരിച്ചു. ശേഷം ഫോണ്‍ ടവര്‍ തിരിച്ചറിഞ്ഞു. സെന്റ് മാര്‍ക്ക് റോഡിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയായ ഇരുപത്തിയൊന്നുകാരന്‍ ചിരാഗ് വാതുവെപ്പ്,ചൂതാട്ടം എന്നിവയ്ക്ക് പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലിസ് പറഞ്ഞു. ടിവിയിലെ ക്രൈം സിരീസ് ആണ് പ്രതിക്ക് പ്രചോദനമായതെന്നും പ്രതി പറഞ്ഞു.