ന്യൂദൽഹി- ആർ.എസ്.എസ് അനുകൂല മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന് ഹാസ്യതാരം കുനാൽ കമ്രയെ ഇൻഡിഗോ വിമാനത്തിൽ വിലക്കിയ നടപടിക്കെതിരെ അതേവിമാനത്തിലെ പൈലറ്റ് രംഗത്ത്. വിമാനത്തിന്റെ പൈലറ്റ് എന്ന നിലയിൽ തന്നോട് കാര്യങ്ങൾ അന്വേഷിക്കാതെ യാത്രക്കാരനെ വിലക്കിയ നടപടിയിൽ പ്രതിഷേധമറിയിച്ചാണ് പൈലറ്റ് കത്തയച്ചത്. സോഷ്യൽ മീഡിയയിലെ വിവരങ്ങൾ മാത്രം കണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു. അതിനിടെ, വിലക്ക് ഏർപ്പെടുത്തിയ വിമാനക്കമ്പനികളോട് ചോദ്യവുമായി മുൻ ജസ്റ്റിസ് മാർകണ്‌ഠേയ കട്ജു രംഗത്തെത്തി. ഗോസ്വാമിയുമായി ഒന്നിച്ച് വിമാനയാത്ര നടത്തേണ്ടി വന്നാൽ താൻ കുനാലിനേക്കാളും ചോദ്യങ്ങൾ ചോദിക്കുമെന്നും തനിക്കെതിരെ നിരോധനം കൊണ്ടുവരാൻ ധൈര്യമുണ്ടോയെന്നും അദേഹം വെല്ലുവിളിച്ചു. ഗോഎയർ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, എയർഇന്ത്യാ എന്നിവയുടെ പേരുകൾ എടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചത്. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയിലെ അവതരണ ശൈലിയെ പരിഹാസപൂർവം അനുകരിച്ച് അതേരീതിയിൽ ചോദ്യങ്ങൾ ഉന്നയിച്ചാണ് കുനാൽ കമ്ര ഇൻഡിഗോ വിമാനയാത്രക്കിടെ അർണബ് ഗോസ്വാമിയെ നേരിട്ടത്. ഇതേതുടർന്നാണ് താരത്തിന് വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.