ന്യൂദൽഹി- ദൽഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ അക്രമി വെടിയുതിർക്കുന്നത് നോക്കിനിന്ന ദൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്ത്. ബോളിവുഡ് മേഖലയിൽനിന്ന് അനുരാഗ് കശ്യപ്, സീഷൻ അയ്യൂബ്, സ്വര ഭാസ്‌കർ, സിദ്ധാർത്ഥ്, വിനോദ് കാപ്രി തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ നാൾവഴി ശ്രദ്ധിക്കുക എന്നായിരുന്നു വിനോദ് കാപ്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദൽഹി തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന വോട്ടിന്റെ ഷോക്ക് ഷഹീൻ ബാഗുകാർ അറിയണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു, വഞ്ചകരെ വെടിവെച്ചുകൊല്ലുക എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു, പ്രതിഷേധക്കാരെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ഒരു എം.പിയുടെ നിർദ്ദേശം, ഏറ്റവുമൊടുവിൽ ഒരു ഭീകരവാദി നേരിട്ടെത്തി വെടിയുതിർത്തു എന്നായിരുന്നു പോസ്റ്റ്. പോലീസിന്റെ യൂണിഫോം കാക്കിയിൽനിന്ന് മാറ്റി കാവിയാക്കണമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രസ്താവന.