ന്യൂദല്‍ഹി-ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ വെടിയുതിര്‍ത്തയാളെ വസ്ത്രം നോക്കി തിരിച്ചറിയൂവെന്ന് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്രമോഡിയോടാണ് ഒവൈസി ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതായിരുന്നു ഒവൈസിയുടെ പ്രതികരണത്തിന് അടിസ്ഥാനം.
'ഇത്രയധികം വിദ്വേഷം ഈ രാജ്യത്തു സൃഷ്ടിച്ചതിലൂടെ, പോലീസുകാര്‍ നോക്കിനില്‍ക്കെ ഒരു തീവ്രവാദി വിദ്യാര്‍ത്ഥികളെ വെടിവെക്കുന്നതിലേക്കു നയിച്ച അനുരാഗ് താക്കൂറിനും എല്ലാ '9 മണി ദേശീയവാദികള്‍ക്കും' നന്ദി. പ്രധാനമന്ത്രി, വസ്ത്രം കൊണ്ട് ഇയാളെ തിരിച്ചറിയൂ', ഇതായിരുന്നു ഒവൈസിയുടെ ട്വീറ്റ്. ബിജെപി നേതാക്കളും ഒപ്പം 'രാത്രി ഒന്‍പതുമണി ദേശീയവാദിക'ളും രാജ്യത്ത് ഇത്രയധികം വെറുപ്പ് സൃഷ്ടിച്ച സാഹചര്യത്തിലാണ് പോലീസ് നോക്കിനില്‍ക്കെ ഒരു ഭീകരന്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെപ്പ് നടത്തിയതെന്ന് ഒവൈസി വിമര്‍ശിച്ചു.