Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി; മോചിപ്പിക്കാന്‍ ശ്രമം

ഫാറൂഖാബാദ്- ഉത്തര്‍ പ്രദേശില്‍ ക്രിമിനല്‍ കേസുകളിലെ പ്രതി 20 കുട്ടികളെ ബന്ദികളാക്കി. ജന്മദിനപാര്‍ട്ടിക്ക് ക്ഷണിച്ചാണ് കുട്ടികളെ മുറിയില്‍ അടച്ചിട്ടിരിക്കുന്നത്. ഫാറൂഖാബാദിലെ മുഹമ്മദാബാദ് പ്രദേശത്ത് സുഭാഷ് ബത്താം എന്നയാളാണ് കുട്ടികളെ ബന്ദികളാക്കി അധികൃതരുമായി വിലപേശുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ഇയാള്‍ വിളിച്ചു പറഞ്ഞു.


പ്രദേശവാസികള്‍ തടിച്ചുകൂടി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമി അകത്തുനിന്ന് വെടിയുതിര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനലിലൂടെ നാടന്‍ ബോംബെറിയുകയും ചെയ്തു. കതാരിയ ഗ്രാമത്തില്‍ 20 കുട്ടികളാണ് വീട്ടിലുള്ളതെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജാഗ്രതയോടെയാണ്  നടപടികള്‍ നീക്കുന്നതെന്നും പോലീസ് പറഞ്ഞു. പരിശീലനം നേടിയ പ്രത്യേക സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍.എസ്.ജി കമാന്‍ഡോകളും തയാറെടുത്തിട്ടുണ്ടെന്ന് രാത്രി 11 മണിയോടെ പോലീസ് അറിയിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. കുട്ടികളെ പരിക്കേല്‍ക്കാതെ പുറത്തെത്തിക്കാന്‍ പ്രാദേശിക ജനപ്രതിനിധി നാഗേന്ദ്ര സിംഗ് അക്രമിയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇയാളുടെ ബന്ധുക്കളേയും ഗ്രാമത്തിലെ നേതാക്കളേയും വിളിച്ചുവരുത്തിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളും വലിയ ജനക്കൂട്ടവും സ്ഥലത്തുണ്ട്.

 

Latest News