ന്യൂദൽഹി- പൗരത്വ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിനെതിരെ സർവകക്ഷി യോഗത്തിൽ രൂക്ഷ വിമർശനം. പൗരത്വ നിയമഭേദഗതിയെ നേരിട്ടും പരോക്ഷമായും സഹായിച്ച ബി.ജെ.ഡി, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, അകാലിദൾ, ലോക് ജനശക്തി തുടങ്ങിയ സഖ്യകക്ഷികളും അനുകൂല പാർട്ടികളും നിലപാടു മാറ്റുന്നതായി സൂചന നൽകി. ശിവസേന യോഗത്തിനെത്തിയില്ല. ഇതോടെ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെട്ടു.
അണ്ണാ ഡി.എം.കെ ഒഴികെയുള്ള പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും പൗരത്വ പ്രതിഷേധത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ പാർലമെന്റിന്റെ വെള്ളിയാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നു തീർച്ചയായി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് യു.പി.എ പാർട്ടികളും ഇടതുപാർട്ടികളും ടി.എം.സിയും എസ്.പിയും അടക്കമുള്ളവർ പ്രഖ്യാപിച്ചു. സ്പീക്കർ ഓം ബിർല വൈകുന്നേരം വിളിച്ച രണ്ടാമത്തെ സർവകക്ഷി യോഗത്തിലും സർക്കാരിനെതിരേ പ്രതിപക്ഷ നേതാക്കൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്.
പൗരത്വ പ്രശ്‌നത്തിൽ സഖ്യകക്ഷികളും കൈവിടുന്നതോടെ, ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി സർവകക്ഷി യോഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിനു പറയാനുള്ളതു കേൾക്കാൻ സർക്കാർ തയാറാണെന്നും സഹകരിക്കണമെന്നും പ്രധാനമന്ത്രി മോഡി അഭ്യർഥിച്ചു. സർവകക്ഷി യോഗത്തിൽ സംസാരിച്ച നേതാക്കളെല്ലാം പൗരത്വ പ്രശ്‌നത്തിൽ ആശങ്കയും എതിർപ്പും അറിയിച്ചു. പക്ഷേ, പ്രധാനമന്ത്രിയും കേന്ദ്രമന്തിമാരും ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പോലും പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചു സംസാരിച്ചതുമില്ല.
പൗരത്വ പ്രശ്‌നത്തിൽ വ്യക്തത വരുത്തുകയും കശ്മീർ മുൻ മുഖ്യമന്ത്രിയും ലോക്‌സഭയിലെ സിറ്റിംഗ് എം.പിയുമായ ഡോ. ഫറൂഖ് അബ്ദുല്ലയെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഉടൻ വിട്ടയക്കുകയുമാണു സർക്കാർ ആദ്യം ചെയ്യേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സമ്പദ്ഘടനയുടെ തകർച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള പ്രധാന പ്രശ്‌നങ്ങളിൽനിന്ന് തിരിച്ചുവിടാനും വർഗീയ ധ്രുവീകരണത്തിനുമാണ് പൗരത്വ വിവാദമെന്നും അദ്ദേഹം ആരോപിച്ചു.
പൗരത്വ പ്രശ്‌നത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാതെ പുറകോട്ടില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി, ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ പിന്നീട് പ്രത്യേക പത്രസമ്മേളനത്തിൽ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കുകയും പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിനു വ്യക്തമായി വിശദീകരണം നൽകാനാകില്ലെന്ന് വ്യക്തമാണെന്നും പാർലമെന്റ് നടപടികൾ സ്തംഭിക്കാനാണു സാധ്യതയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ലോക്‌സഭയുടെയും രാജ്യസഭയുടെും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം തുടങ്ങുക. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടും ഇന്ന് പാർലമെന്റിൽ വയ്ക്കും. എന്നാൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനു മുമ്പേ തന്നെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ എം.പിമാർ സംയുക്തമായി ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ ബഹളത്തിനുള്ള സാധ്യത ഉള്ളതിനാൽ പാർലമെന്റിന് അകത്തും പുറത്തും സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11 ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണം പാടെ തടസ്സപ്പെടുത്തില്ലെങ്കിലും ബഹളത്തിനു സാധ്യതയേറെയാണ്. ഇന്നലെ രാവിലെ നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോഡിക്കും പ്രതിപക്ഷ നേതാവ് ഗുലാം നബിക്കും പുറമേ പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹഌദ് സിംഗ് ജോഷി, കൃഷി-ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗ് തോമർ, ശിവസേന ഒഴികെയുള്ള പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയും പ്രേമചന്ദ്രനും ആയിരുന്നു യോഗത്തിൽ പങ്കെടുത്ത മലയാളികൾ.
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയെ ഭരണകക്ഷിക്കാർ പോലും ന്യായീകരിച്ചില്ലെന്നും പാർലമെന്റിൽ നിയമ ഭേദഗതിയെ അനുകൂലിച്ച പാർട്ടികൾ പോലും ഇന്നലെ ആശങ്ക അറിയിച്ചതു പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, പ്രേമചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികൾ പൊതുനിലപാട് സ്വീകരിച്ചതോടെ പൗരത്വ വിവാദത്തിൽ രാജ്യത്തിന്റെ പൊതു അഭിപ്രായം വ്യക്തമായെന്നും കേരള നേതാക്കൾ വിശദീകരിച്ചു.