പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എന്ത് സംഭവിക്കുമെന്ന് പറയാറായിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. മോഡിയും അമിത് ഷായും എന്ത് ഉദ്ദേശിച്ചാണ് നിയമം കൊണ്ടുവന്നതെങ്കിലും കേരളത്തിൽ ഇതുണ്ടാക്കിയ മാറ്റം ചെറുതല്ല. കണ്ടാൽ മിണ്ടാത്തവർ മിത്രങ്ങളായെന്നത് തിളക്കമാർന്ന നേട്ടമാണ്. കൊച്ചിയിലും കോഴിക്കോട്ടും ലക്ഷങ്ങൾ അണി നിരന്ന റാലികളാണ് നടന്നത്. കോഴിക്കോട്ടെ പൗരത്വ നിയമ വിരുദ്ധ റാലിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കപിൽ സിബൽ വിശിഷ്ടാതിഥിയായിരുന്നു. സമ്മേളനത്തിനിടെ പ്രാർഥനക്ക് നേരമായപ്പോൾ എല്ലാ വിഭാഗങ്ങളും കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്ക് പിന്നിൽ അണി നിരന്നു. റിയാദിൽ പൗരത്വ വിരുദ്ധ കൺവെൻഷനെത്തിയ സമസ്ത നേതാവ് ആലിക്കുട്ടി മുസ്‌ലിയാരെ ആശ്ലേഷിച്ച് സ്വാഗതം ചെയ്തത് മുജാഹിദ് വിഭാഗത്തിന്റെ പ്രമുഖ നേതാവായ ഡോ. ഹുസൈൻ മടവൂരാണ്. കൊച്ചിയിൽ പത്തും കോഴിക്കോട്ട് രണ്ട് ലക്ഷവും അണി നിരന്ന റാലികൾക്ക് ശേഷമാണ് കേരളം മനുഷ്യ മഹാശൃംഖലക്ക് സാക്ഷ്യം വഹിച്ചത്. എഴുപത് ലക്ഷം പേർ ഇതിൽ അണി നിരന്നുവെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. ശരിയാവാനാണ് സാധ്യത. കേരളത്തിൽ ഏറ്റവും ജനകീയാടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. ബി.ജെ.പി ഇന്ത്യ മുഴുവനായും സെക്‌സ് ചാറ്റ് ഫ്രീ നെറ്റ് ഓഫർ നൽകിയിട്ട് പോലും 52 ലക്ഷം പേരെ മാത്രമേ പൗരത്വ നിയമത്തെ അനുകൂലിക്കാൻ ലഭിച്ചുള്ളൂവെന്നതും ശ്രദ്ധേയമാണ്. സി.പി.എമ്മിന്റെ പരിപാടിയിൽ അണി നിരന്ന എഴുപത് ലക്ഷവും വോട്ടുകളായി മാറിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് എൽ.ഡി.എഫ് കക്ഷികളായിരിക്കും.
മിക്കവാറും ഭരണ തുടർച്ചക്കുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. അതെന്തോ ആവട്ടെ. മുസ്‌ലിം ലീഗിന് പിന്നിൽ അടിയുറച്ചു നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്ത. കേരളത്തിലെ മുസ്‌ലിംകളിൽ സിംഹ ഭാഗവും സുന്നികളാണ്. പിൽക്കാലത്ത് വന്ന പ്രസ്ഥാനങ്ങളുടെ സ്വാധീനം വളരെ കുറച്ചു പ്രദേശങ്ങളിലേയുള്ളൂ. സുന്നികളിൽ കാന്തപുരം വിഭാഗം കുറച്ചു കാലമായി എൽ.ഡി.എഫിന്റെ ഘടക കക്ഷി പോലെയാണ്. അപൂർവം ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഈ വോട്ടുകൾ ലഭിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സമസ്ത എന്നും ലീഗിനൊപ്പമാണെങ്കിലും അടുത്തിടെ ചില കാര്യങ്ങളിൽ വ്യത്യസ്തമായ നിലപാടുകൾ പ്രകടിപ്പിക്കാറുണ്ട്.
പൗരത്വ നിയമ ഭേദദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിന് മികച്ച നേട്ടമായി മാറിയിരിക്കുകയാണ് സമസ്തയുടെ നിലപാട്. അത്യുത്തര കേരളത്തിൽ ഡി.വൈ.എഫ്.ഐ ജാഥക്ക് അഭിവാദ്യം അർപ്പിക്കുന്ന എസ്.കെ.എസ്.എസ്.എസ്.എഫ് പ്രവർത്തകരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മനുഷ്യ ശൃംഖലയിൽ കണ്ണിയായതിന്റെ പേരിൽ ലീഗ് നേതൃത്വം ബേപ്പൂരിലെ നേതാവ് കെ.എം. ബഷീറിനെ സസ്‌പെന്റ് ചെയ്തതാണല്ലോ പുതിയ വിശേഷം.
സമസ്തയുടെ ആഹ്വാനമനുസരിച്ചാണ് താൻ ഇതിൽ പങ്കാളിയായതെന്ന് ബഷീർ പറയുന്നത് ടെലിവിഷൻ ചാനലുകളിലുണ്ടായിരുന്നു. ലീഗ് പുറത്താക്കിയതിലൊന്നും വലിയ കാര്യമില്ല. സി.പി.എമ്മിൽ കുപ്പായം തുന്നിയവരാരുമില്ലെങ്കിൽ ഭാഗ്യം തെളിഞ്ഞാൽ ബഷീറിന് എം.എൽ.എയാവാം. ലീഗിൽ ഇത്തരമൊരു സാധ്യതക്ക് നന്നായി കാത്തിരിക്കേണ്ടി വരും. നല്ല കാലത്ത് സിമി കളിച്ചു നടന്ന് ലീഗിലൂടെ സി.പി.എമ്മിലെത്തിയവരെ പോലും മന്ത്രിയാക്കിയ പാരമ്പര്യം വരെ എൽ.ഡി.എഫിനുണ്ട്. ബഷീറിന് വേണമെങ്കിൽ കോഴിക്കോട് നഗരസഭയിലേക്കും ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി ഒരു കൈ നോക്കാവുന്നതാണ്. പ്രാദേശിക നേതാവാണെങ്കിലും ബഷീർ പറയുന്നതിൽ ന്യായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. പൗരത്വം ഉറപ്പു വരുത്താൻ ജീനോളജി തെരഞ്ഞ് ഗവേഷണം നടത്തേണ്ട സാഹചര്യമുണ്ടായിട്ടും കോൺഗ്രസ് സംസ്ഥാന നേതൃത്വം വേണ്ട പോലെ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
സമസ്തയും അനുബന്ധ സംഘടനകളും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. മുസ്‌ലിം ലീഗ് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയാണ് സമസ്ത. ലീഗിന്റെ ഈ വലിയ വോട്ട് ബാങ്കിലാണ് ഇടതുപക്ഷമിപ്പോൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ കൂടുതൽ മദ്രസകൾ സമസ്തയുടെ കീഴിലാണ്. ഏറ്റവും കൂടുതൽ മദ്രസകളുള്ള വലിയ മുസ്‌ലിം സാമുദായിക സംഘടനയാണ് സമസ്ത എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ശക്തമായ വോട്ട് ബാങ്കാണ് സമസ്ത. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ എ.പി സുന്നി വിഭാഗം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണക്കുമ്പോഴും മലപ്പുറത്ത് ലീഗ് കോട്ടകൾ കാത്തിരുന്നത് സമസ്തയുടെ കരുത്തിനാലാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമാരാകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന്റെ, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം അംഗീകരിക്കുന്ന സംഘടനയാണ് സമസ്ത. സമസ്തയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ തലപ്പത്തും തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരാണുള്ളത്.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ ശക്തമായാണ് സമസ്ത എതിർത്തിരുന്നത്.
പിണറായിയെയും സി.പി.എമ്മിനെയും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ സജീവ സാന്നിധ്യമായത്. പിണറായി ഉദ്ഘാടകനായപ്പോൾ അധ്യക്ഷത വഹിച്ചത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു. കേരളത്തിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ളവർക്കുണ്ടായ ആശങ്ക അകറ്റാൻ മുഖ്യമന്ത്രി തയാറായത് പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.
ലീഗിനെ ഒപ്പം നിർത്തിയാൽ നിയമസഭയിൽ പിണറായിക്ക് രണ്ടാമൂഴം ഉറപ്പാണ്. ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ ലീഗ് വോട്ട് ബാങ്കായ സമസ്തയുടെ പിന്തുണയും പിണറായി നേടിക്കഴിഞ്ഞു. ലീഗിനെ ഒപ്പം കൂട്ടാൻ പ്രത്യയശാസ്ത്രപരമായി സി.പി.എമ്മിനും ഇടതുപക്ഷത്തിനും വിലങ്ങുതടികൾ ഏറെയാണ്. മുസ്‌ലിം ലീഗ് വർഗീയ കക്ഷിയെന്ന നിലപാടിൽ നിന്നും സി.പി.എം ഇതുവരെ പിന്നോക്കം പോയിട്ടില്ല. ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിലെടുത്ത സാഹചര്യത്തിൽ മുസ്‌ലിം ലീഗിനെതിരെ കടുത്ത നിലപാട് വേണ്ടെന്ന വാദം മുന്നണിയിലുമുണ്ട്. ലീഗുമായി സഖ്യമുണ്ടാക്കാമെന്ന ബദൽ രേഖ പാർട്ടിയിൽ അവതരിപ്പിച്ചതിനാണ് മുമ്പ് എം.വി. രാഘവനെ സി.പി.എം പുറത്താക്കിയിരുന്നത്. ലീഗ് വിരുദ്ധതയുടെ ചാമ്പ്യനായ വി.എസ് നിശ്ശബ്ദനാണെന്നതും ഇപ്പോഴത്തെ സവിശേഷതയാണ്.
മുസ്‌ലിം ലീഗിനെ സഖ്യകക്ഷിയായി ഒപ്പം കൂട്ടിയില്ലെങ്കിലും ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയുടെ പിൻബലം കിട്ടിയാൽ ഇടതുപക്ഷത്തിനത് വലിയ നേട്ടമാകും. പിണറായിക്ക് മുഖ്യമന്ത്രിപദം വീണ്ടും ഉറപ്പിക്കുകയും ചെയ്യാം. ഇടതിന്റെ ഈ നീക്കത്തിലാണ് ലീഗും കോൺഗ്രസും ഞെട്ടിയിരിക്കുന്നത്.
കോഴിക്കോട്, വടകര, തലശ്ശേരി എന്നീ പട്ടണങ്ങളിലെ കാര്യമാണ് മഹാ കഷ്ടം. ഈ നഗരസഭകളെല്ലാം ദശകങ്ങളായി സി.പി.എം ഭരിക്കുന്നു. സ്വാഭാവികമായും ഭരണത്തിന്റെ ആനുകൂല്യം നുകരുന്ന മാഫിയ പാർട്ടിയെ കേന്ദ്രീകരിച്ച് ഇവിടങ്ങളിൽ സജീവമാണ്. വികസനമൊന്നുമില്ലെങ്കിലും കുഴപ്പമില്ല.
കഴിഞ്ഞ രണ്ട് പ്രളയത്തിലും കോഴിക്കോട് നഗരത്തിൽ ശക്തമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മാവൂർ റോഡിലുൾപ്പെടെ സ്ലാബിടാത്ത ഓവുചാലുകളുണ്ട്. ഇതിൽ മനുഷ്യർ വീണ് മരിക്കുന്നതും സാധാരണമാണ്. മുസ്‌ലിം വോട്ടുകൾ കേന്ദ്രീകരിക്കുന്നതിലൂടെ ഭരണത്തുടർച്ച വരുന്നത് കേരളത്തിലുടനീളം നികുതി ദായകന് നഷ്ടമാണുണ്ടാക്കുകയെന്നത് വേറെ കാര്യം.
2016 ൽ പിണറായി സർക്കാർ അധികാരത്തിലേറിയതിന്റെ സമാന സാഹചര്യമാണ് വടക്കൻ കേരളത്തിൽ. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പരമ്പരാഗത വോട്ട് ബാങ്കിനപ്പുറം വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിൽ എൽ.ഡി.എഫിന് ലഭിച്ചു. ബീഫ് ലൗവേഴ്‌സിന്റെ രക്ഷകനെന്ന പ്രതിഛായ ഏറെ ഗുണം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ പൗരത്വ നിയമ ഭേദഗതി ഇത് പോലെ ഇടതിന് അനുകൂല തരംഗമുണ്ടാക്കുമെന്നതിൽ തർക്കമില്ല.