'ഹേ റാം' എന്നുച്ചരിച്ചുകൊണ്ട് ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ആക്രമണത്തിന്റെ ഇരയായി നമ്മുടെ രാഷ്ട്രപിതാവ് ഇഹലോക വാസം വെടിഞ്ഞിട്ട് എഴുപത്തൊന്ന് വർഷങ്ങൾ ആയിരിക്കുന്നു. ഭാരതത്തിൽ വെറുപ്പും വിദ്വേഷവും വർധിച്ചു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മാത്രവുമല്ല, ഗാന്ധിജിയെ തരം പോലെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ഭരണാധികാരികളുടെ കാലമാണ് ഇതെന്നതും സങ്കടകരമായ മറ്റൊരു സത്യമാണ്. അഹിംസ പ്രധാന സമര മാർഗമായി ജനങ്ങൾക്ക് സമ്മാനിച്ച ഗാന്ധിജി അഹിംസക്ക് ചെറിയൊരു വെല്ലുവിളി ചൗരിചൗരാ സംഭവത്തോട് ഉണ്ടായപ്പോൾ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുക പോലുമുണ്ടായ സംഭവം ഓർക്കുമ്പോഴാണ് അദ്ദേഹം അഹിംസക്ക് കൊടുത്ത പ്രാധാന്യം നമുക്ക് ഒരു പാഠമാകുന്നത്.
ഇന്ന് ഭാരതത്തിന്റെ അസ്തിത്വം തന്നെ വലിയൊരു പ്രതിസന്ധി നേരിടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാരതത്തിന്റെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും വീട്ടു തടങ്കലിലാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇനിയെന്ത് എന്ന കാര്യത്തിൽ സർക്കാർ ഇതികർത്തവ്യതാമൂഢരാണ്. മാത്രവുമല്ല. എൻ.ആർ.സി എന്ന പേരിൽ ജനങ്ങളെ മുഴുവൻ ഭയവിഹ്വലരാക്കിക്കൊണ്ടിരിക്കുകയും കോൺസൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കാനെന്നവണ്ണം ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഡിറ്റൻഷൻ സെന്ററുകൾ വരുന്നതും തികച്ചും ആശങ്കാജനകമായ കാര്യമാണ്. അതേ സമയം ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളായ സാമ്പത്തിക ദുരവസ്ഥയെയും തൊഴിലില്ലായ്മയെയും എങ്ങനെ നേരിടും എന്ന കാര്യത്തിൽ സർക്കാറിന് ഒരു ചിന്തയുമില്ല. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഇത്തരം വൈകാരിക പ്രശ്‌നങ്ങൾ കത്തിച്ചു വിടുകയും ചെയ്യുന്നു.
ഇത്തരമൊരു കാലത്ത് ഉത്തരവാദിത്തമുള്ള പൗരന്മാരായ നാം ഗാന്ധിജിയുടെ പാഠങ്ങൾ മുറുകെ പിടിച്ചുകൊണ്ട് അനീതിക്കെതിരെ ശബ്ദിക്കുക തന്നെയാണ് വേണ്ടത്. ഗാന്ധിജിയുടെ രണ്ട് വജ്രായുധങ്ങളായിരുന്നു സത്യവും അഹിംസയും. സത്യം എന്നത് നമ്മെ ശുദ്ധീകരിക്കുന്ന ഒരു പ്രധാന ഘടകമാണ്. നമ്മൾ സത്യത്തെ തന്നെ മുറുകെ പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സത്യത്തിന്റെ പാത നമ്മുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആദ്യം നമ്മൾ സ്വയം സത്യത്തെ സ്വീകരിച്ചുകൊണ്ട് സത്യത്തിന്റെ പ്രചാരകരായാൽ സമൂഹത്തിൽ സത്യത്തിന്റെ വെളിച്ചം നൽകാൻ നമുക്ക് സാധിക്കും. അങ്ങനെ സമൂഹത്തെ ശുദ്ധീകരിക്കാൻ നമുക്ക് സാധിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട ആയുധം അഹിംസയാണ്.
'എന്റെ മനസ്സിലൂടെ ആരെയും അവരുടെ വൃത്തിഹീനമായ പാദങ്ങളോട് കൂടി നടക്കാൻ സമ്മതിക്കില്ല' എന്ന ഗാന്ധിജിയുടെ ആപ്തവാക്യമാണ് ഗാന്ധിജി സ്വഛത അഥവാ വൃത്തിക്ക് എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
നിർഭാഗ്യവശാൽ ഗാന്ധിജി എന്താണ് അർത്ഥമാക്കുന്നത് എന്ന് പോലും മനസ്സിലാക്കാതെ 2014 ലെ സർക്കാർ വന്നത് മുതൽ സ്വഛ് അഭിയാൻ എന്ന പേരിൽ ചില നാടകങ്ങൾ തികച്ചും പരിഹാസ്യമായിട്ട് കാണാനിടയായി. ഗാന്ധിജി സ്വഛത എന്നതുകൊണ്ട് ഉദ്ദേശിച്ചത് മനസ്സിന്റെ ശുദ്ധിയാണ്. മനസ്സിൽ ചെളി പടരാൻ പാടില്ല. നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക, അത് മാത്രം ശീലിക്കുക എന്നതാണ് ആദ്യ പടി. മനസ്സ് ശുദ്ധിയായാൽ നമ്മുടെ ശരീരം ശുദ്ധിയായി കൊണ്ടുനടക്കാൻ നാം ശ്രദ്ധിക്കും എന്നത് സത്യമാണ്. എന്തായാലും ഇന്നത്തെ കാലത്ത് പ്രതിസന്ധികൾ തരണം ചെയ്യാൻ ഗാന്ധിജി നമുക്ക് പഠിപ്പിച്ച പാഠങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ജനാധിപത്യത്തിന്റെ യഥാർത്ഥ പതാകാ വാഹകരായി നാം മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
(കെ.പി.സി.സി ഡി.എം.സി കോർ ഗ്രൂപ്പ് അംഗവും ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമാണ് ലേഖകൻ)