ന്യൂദൽഹി- താൻ ദൽഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനം തീരുമാനിക്കുമെന്ന് ബി.ജെ.പിക്ക് മറുപടിയുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയുടെ ലോക്‌സഭാംഗം പർവേഷ് വർമ്മക്കുള്ള മറുപടിയായാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. കെജ്‌രിവാൾ തീവ്രവാദിയാണെന്ന് കഴിഞ്ഞദിവസം വർമ ആരോപിച്ചിരുന്നു.
ഞാനെങ്ങിനെയാണ് തീവ്രവാദിയാകുക. ഞാൻ ജനങ്ങൾക്ക് മരുന്ന് നൽകി. ആവശ്യമുള്ളതെല്ലാം നൽകി. എന്നെ പറ്റിയോ കുടുംബത്തെക്കുറിച്ചോ ചന്തിച്ചില്ല. എന്റെ ജീവൻ രാജ്യത്തിന് സമർപ്പിക്കാൻ തയ്യാറുമാണ്. അങ്ങിനെയുള്ള ഞാൻ എങ്ങിനെയാണ് തീവ്രവാദിയാകുക. ഞാൻ ഒരു പ്രമേഹ രോഗിയാണ്. ദിവസവും നാലു തവണയാണ് ഇൻസുലിൻ എടുക്കുന്നത്. ഡോക്ടർമാർ എന്നോട് രാഷ്ട്രീയത്തിൽ സജീവമാകരുതെന്ന് പറഞ്ഞിരുന്നു. പ്രശസ്തമായ കാൺപുർ ഐ.ഐ.ടിയിൽനിന്നാണ് ഞാൻ ബിരുദം പൂർത്തിയാക്കിയത്. ഉന്നത നിലയിലുള്ള ജോലി രാജിവെക്കാൻ കാരണം ദൽഹിയെ സ്‌നേഹിച്ചതുകൊണ്ടാണ്. എനിക്ക് ആവശ്യമെങ്കിൽ വിദേശത്ത് ഉയർന്ന ജോലി ലഭിക്കുമായിരുന്നു. ജനം തീരുമാനിക്കട്ടെ. ആരാണ് തീവ്രവാദിയെന്നും ദൽഹിയുടെ മകനെന്നും-കെജ്‌രിവാൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ 25-നാണ് ബി.ജെ.പി എം.പി പർവേഷ വർമ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈലാഷ് സാന്ത്‌ലയിൽ ഷഹീൻ ബാഗിൽ സമരം നടത്തുന്നവർക്ക് എതിരെയും പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു.