Sorry, you need to enable JavaScript to visit this website.

ശ്രീശാന്ത്  അഞ്ച് ചോദ്യങ്ങൾ

ശ്രീശാന്ത് അഭിനയിച്ച സിനിമ കണ്ടിട്ടാണ് ഇതിനെക്കാൾ ഭേദം ക്രിക്കറ്റ് കളിക്കുന്നതാണ് എന്ന് ജഡ്ജി തീരുമാനിച്ചതെന്ന് ചില വിരുതന്മാർ തട്ടിവിട്ടിട്ടുണ്ട്. ശ്രീശാന്ത് അതിൽ അഭിനയിക്കില്ല എന്ന് ഉറപ്പു തരികയാണെങ്കിൽ, ആ ജീവിതം സിനിമയാക്കാനുള്ള നല്ല ചേരുവയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കേരളം പോലെ ക്രിക്കറ്റിലെ പുറമ്പോക്ക് സംസ്ഥാനത്തുനിന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ പെയ്‌സ്ബൗളറായി വളരുകയും അതിനെക്കാൾ നാടകീയമായി രംഗം വിടേണ്ടിവരികയും ചെയ്തു എന്നതു മാത്രമല്ല ശ്രീശാന്തിന്റെ ജീവിതത്തെ താൽപര്യജനകമാക്കുന്നത്. ആക്രോശങ്ങളും അമ്മയും പ്രണയവും രാജകീയ വിവാഹവും രാഷ്ട്രീയവും റിയാലിറ്റി ഷോകളും അഭിനയവും നൃത്തവുമൊക്കെയായി ക്രിക്കറ്റിൽ താൽപര്യമില്ലാത്തവർക്കുള്ള ചേരുവകളും അതിൽ ആവശ്യത്തിലേറെയുണ്ട്. കീഴടങ്ങാൻ തയാറാവാത്ത പോരാളിയാണ് ശ്രീശാന്ത്. ക്രിക്കറ്റിനെ തന്നിൽനിന്ന് തട്ടിയെടുത്തപ്പോഴാണ് മറ്റു മേഖലകളിലേക്ക് തിരിയേണ്ടി വന്നത് എന്ന് ശ്രീശാന്ത് തന്നെ പറഞ്ഞിട്ടുണ്ട്. തൽക്കാലത്തേക്കെങ്കിലും ക്രിക്കറ്റ് തിരിച്ചുകിട്ടിയിരിക്കുകയാണ്. ആ കരിയർ ഇനി എങ്ങോട്ട് തിരിയും? ഈ ഘട്ടത്തിൽ നമ്മുടെ മനസ്സിലുയരുന്ന ചില ചോദ്യങ്ങളുണ്ട്.
ഒന്ന്, ഒത്തുകളിച്ചിട്ടുണ്ടോ? 
2013 മെയ് ഒമ്പതിന് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ ഐ.പി.എൽ മത്സരത്തിൽ ശ്രീശാന്ത് സ്‌പോട്ഫിക്‌സിംഗ് നടത്തിയെന്നാണ് ആരോപണം. ഇതിന് പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ല. ശ്രീശാന്ത് ആ ഓവറിൽ 14 റൺസോ അധികമോ വിട്ടുകൊടുക്കും, ടവ്വൽ അരയിൽ തിരുകി ഇതാണ് ആ ഓവർ എന്നു സൂചന നൽകും, ഏറെ നേരം വാംഅപ്പിന് എടുത്ത് വാതുവെപ്പുകാർക്ക് പന്തയത്തിലേർപ്പെടാൻ ഒരുപാട് സമയം നൽകും എന്നിങ്ങനെയായിരുന്നു വാതുവെപ്പുകാരുമായുള്ള ധാരണ എന്നായിരുന്നു പോലീസിന്റെ വാദം. ആ ഓവറിൽ പിറന്നത് 13 റൺസാണ്. വൈഡോ നോബോളോ എറിഞ്ഞില്ല. എല്ലാ റൺസും എതിർ കളിക്കാരുടെ ബാറ്റിൽ നിന്നാണ്. പിന്നെ എന്തുകൊണ്ടാണ് പോലീസ് ഒത്തുകളി സംശയിച്ചത്? അതിനു കാരണം സുഹൃത്ത് ജിജു ജനാർദ്ദനനും വാതുവെപ്പുകാരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളാണ്. എന്തുകൊണ്ട് 14 റൺസ് വഴങ്ങിയില്ലെന്ന് വാതുവെപ്പുകാർ ചോദിക്കുന്നതും അതിനുള്ള ജിജുവിന്റെ വിശദീകരണങ്ങളും പോലീസ് ചോർത്തിയിട്ടുണ്ട്. ഈ സംഭാഷണങ്ങൾ വ്യാജമാണെന്ന് ശ്രീശാന്ത് ഇതുവരെ പറഞ്ഞിട്ടില്ല. പകരം ബി.സി.സി.ഐക്ക് നൽകിയ കത്തിൽ ശ്രീശാന്ത് പറയുന്നത് ഇങ്ങനെയാണ്: 'ജിജു ജനാർദ്ദനന് എന്നെ പതിനെട്ടാം വയസ്സ് മുതൽ അറിയാം. കളിക്കളത്തിൽ എന്റെ രീതികളെയും പെരുമാറ്റങ്ങളെയും കുറിച്ച് അയാൾക്ക് വ്യക്തമായ ബോധ്യമുണ്ട്. മറ്റു കളികളിൽ പോലും ഞാൻ ടവ്വൽ അരയിൽ തിരുകിയിട്ടുണ്ട്. മറ്റു കളിക്കാരും അങ്ങനെ ചെയ്യാറുണ്ട്'.
ജിജുവിന്റെ ഈ ഫോൺ സംഭാഷണങ്ങൾ മാത്രമാണ് ശ്രീശാന്തിനെ കുരുക്കിൽ ചാടിച്ചത്. എന്നിട്ടും എന്തുകൊണ്ട് തന്റെ കരിയർ നശിപ്പിച്ച സുഹൃത്തിനെതിരെ ഇതുവരെ ശ്രീശാന്ത് ഒരക്ഷരം മിണ്ടിയില്ല? ജിജു വാതുവെപ്പുകാരിൽനിന്ന് പണം തട്ടുന്നത് ശ്രീശാന്ത് അറിഞ്ഞിരിക്കാൻ സാധ്യതയുണ്ട് എന്നാണ് കേരളാ ഹൈക്കോടതി വിധിയിലും സംശയം പ്രകടിപ്പിക്കുന്നത്. നാലു വർഷമായി വിലക്കനുഭവിക്കുന്നത് അതിനുള്ള ശിക്ഷയായി കണക്കാക്കണമെന്നും കോടതി നിരീക്ഷിക്കുന്നു.
രണ്ട്, കോടതി വിധിച്ചാൽ കുറ്റവിമുക്തനാകുമോ?
പ്രഥമദൃഷ്ട്യാ എല്ലാവർക്കും വ്യക്തമായ കാര്യം തന്നെയാണ് കോടതി പറഞ്ഞത്. ശ്രീശാന്ത് ഒത്തുകളിച്ചതിന് ഒരു തെളിവുമില്ല. പിന്നെ എന്തുകൊണ്ടാണ് ബി.സി.സി.ഐ അച്ചടക്ക സമിതി ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്? ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ യൂനിറ്റ് മേധാവി രവി സവാനിയാണ് ശ്രീശാന്തിനെ വിചാരണ ചെയ്തത്. സുദീർഘമാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. ദൽഹി പോലീസുമായി സംസാരിക്കുകയും ശ്രീശാന്തും ജിജുവും, ജിജുവും വാതുവെപ്പുകാരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേൾക്കുകയും, ശ്രീശാന്തിനെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷം അദ്ദേഹം തയാറാക്കിയ റിപ്പോർട്ടിന്റെ സംഗ്രഹം ഇങ്ങനെയാണ്: 'ദൽഹി പോലീസ് ജിജുവിനെയും ശ്രീശാന്തിനെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോൾ ഞാൻ എല്ലാം പറഞ്ഞു പോയെടാ എന്നു പറഞ്ഞ് ശ്രീശാന്തിനെ ജിജു കെട്ടിപ്പിടിച്ചു കരഞ്ഞു. അതിനു ശേഷം ശ്രീശാന്തും കുറ്റം സമ്മതിച്ചു. എന്നാൽ കഠിനമായ പീഡനമുറകളിൽനിന്ന് രക്ഷപ്പെടാനാണ് കുറ്റസമ്മത മൊഴി നൽകിയതെന്ന് എന്റെ ചോദ്യം ചെയ്യലിൽ ശ്രീശാന്ത് പ്രതികരിച്ചു. ജിജുവും ശ്രീശാന്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളിൽനിന്ന് ഒത്തുകളിക്ക് 10 ലക്ഷം രൂപ കിട്ടിയതായി മനസ്സിലാവുന്നുണ്ട്. ആ തുക എന്തു ചെയ്യണമെന്ന് ജിജുവിനോട് ശ്രീശാന്ത് നിർദേശിക്കുന്നുണ്ട്. മെയ് ആറിന് (വിവാദ മത്സരത്തിന് മൂന്നു ദിവസം മുമ്പ്) ആ തുക ശ്രീശാന്തിന്റെ മുറിയിൽ ഉണ്ടായിരുന്നു. ബാക്കി വന്ന അഞ്ചര ലക്ഷം രൂപ ശ്രീശാന്ത് അറസ്റ്റിലായശേഷം മുംബൈയിലെ മുറിയിൽനിന്ന് ഒരു സുഹൃത്ത് മാറ്റി. ആ പണം സുഹൃത്തിൽനിന്ന് പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം പോലീസ് തന്നെ കൊണ്ടുവെച്ചതാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ഇത്ര വലിയ തുക പോലീസ് കൊണ്ടുവെക്കുമെന്ന് കരുതാൻ ന്യായമില്ല. ഒരുപാട് രാജ്യാന്തര മത്സരങ്ങൾ കളിക്കുകയും ഒത്തുകളിക്കെതിരായ ബോധവൽക്കരണ ക്ലാസുകളിൽ നിരവധി തവണ പങ്കെടുക്കുകയും ചെയ്തയാളാണ് ശ്രീശാന്ത്. ഇക്കാര്യത്തിൽ ഒരു അനുകമ്പയും ശ്രീശാന്ത് അർഹിക്കുന്നില്ല'.
ഇതിൽ രണ്ടു ഭാഗമുണ്ട്. ഒന്ന് പോലീസിന്റെ വാദം. അത് പൂർണമായും തള്ളാം. രണ്ടാമത്തേത് ഫോൺ സംഭാഷണങ്ങളാണ്. ഫോൺ സംഭാഷണങ്ങൾ വ്യാജമാണെന്ന് ശ്രീശാന്ത് കരുതുന്നില്ലെന്നാണ് ബി.സി.സി.ഐക്കെഴുതിയ കത്തിൽനിന്ന് മനസ്സിലാവുന്നത്. ചോർത്തിയ ഫോൺ കോളുകൾ കോടതി തെളിവായി സ്വീകരിക്കില്ല. എന്നാൽ ബി.സി.സി.ഐയുടെ അച്ചടക്ക സമിതിക്ക് അതൊരു തെളിവായി സ്വീകരിക്കാം. 
ഒത്തുകളിക്കേസുകൾ ഒരു കോടതിയിലും തെളിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. മുഹമ്മദ് അസ്ഹറുദ്ദീൻ, അജയ് ജദേജ, സലീം മാലിക് എന്നിവരുടെയെല്ലാം വിലക്കുകൾ റദ്ദാക്കപ്പെട്ടു. അസ്ഹറുദ്ദീനാണ് തന്നെ പന്തയക്കാരുമായി പരിചയപ്പെടുത്തിയതെന്ന് ഹാൻസി ക്രോണ്യെ വെളിപ്പെടുത്തിയിരുന്നു. ക്രിസ് കെയ്ൻസിനെതിരെ സഹകളിക്കാരുടെ ശക്തമായ വെളിപ്പെടുത്തലുകളുണ്ടായിട്ടും കുറ്റവിമുക്തനായി പുറത്തുവന്നു. കോടതിയിൽ കുറ്റം തെളിഞ്ഞതും ജയിൽ ശിക്ഷ അനുഭവിച്ചതും പാക്കിസ്ഥാൻ ത്രിമൂർത്തികളായ മുഹമ്മദ് ആമിറും സൽമാൻ ബട്ടും മുഹമ്മദ് ആസിഫുമാണ്. ആമിറിന്റെ കുറ്റസമ്മതമാണ് അവർ ശിക്ഷിക്കപ്പെടാനുള്ള പ്രധാന കാരണം. പതിനെട്ടാം വയസ്സിൽ ഒത്തുകളിയിൽ കുടുങ്ങിയ ആമിറിന് തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ടായിരുന്നതിനാലാണ് കുറ്റസമ്മതം നടത്തിയത്. 
മൂന്ന്, കുറ്റവിമുക്തരായവർ 
തിരിച്ചുവന്നിട്ടുണ്ടോ?
ജദേജ ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയിരുന്നു. മനോജ് പ്രഭാകർ കോച്ചായി. രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും കളിച്ചത് ആമിർ മാത്രമാണ്. വളരെ ചെറിയ പ്രായത്തിലാണ് ഒത്തുകളിയിൽ കുടുങ്ങിയതെന്നതും കുറ്റം ഏറ്റുപറഞ്ഞു എന്നതും ആമിറിന്റെ തിരിച്ചുവരവിന് സഹായകമായി. ഒത്തുകളിയുടെ വലക്കെണിയെക്കുറിച്ച് യുവ കളിക്കാരെ ബോധവൽക്കരിക്കുകയെന്നതായിരുന്നു ഐ.സി.സി തിരിച്ചുവരവിനുള്ള നിബന്ധനകളിലൊന്നായി ആമിറിന് നിശ്ചയിച്ച ദൗത്യം. വിലക്ക് പൂർത്തിയാക്കി തിരിച്ചുവന്ന ശേഷവും ആമിറിനൊപ്പം കളിക്കാൻ പല പാക്കിസ്ഥാൻ കളിക്കാരും വൈമനസ്യം പ്രകടിപ്പിച്ചു. ഇന്ത്യൻ ബോർഡ് ഇപ്പോഴും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലാത്ത ശ്രീശാന്തിനെ തിരിച്ചുവരാൻ ഐ.സി.സി അനുവദിക്കുമോയെന്ന് സംശയമാണ്.
നാല്, ശ്രീശാന്തിന് കളിക്കാനാവുമോ?
മറ്റു കളിക്കാരുടെ വിലക്ക് നീക്കിയതിനെതിരെ ബി.സി.സി.ഐ അപ്പീൽ നൽകിയിരുന്നില്ല. അവരാരും രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്താൻ സാധ്യതയുണ്ടായിരുന്നില്ല എന്നതാണ് പ്രധാന കാരണം. ശ്രീശാന്ത് വീണ്ടും ഇന്ത്യൻ കുപ്പായമിടണമെന്ന് ആഗ്രഹിക്കുന്നു. കേരളത്തിലെ ശക്തമായ ജനവികാരം, ബി.സി.സി.ഐക്കെതിരെ കോടതികളിലും പൊതുജനങ്ങൾക്കിടയിലും നിലനിൽക്കുന്ന മോശം പ്രതിഛായ, ബി.സി.സി.ഐയിലെ നേതൃത്വ പ്രതിസന്ധി എന്നിവ പരിഗണിക്കുമ്പോൾ വളരെ സൂക്ഷിച്ചേ ഒരു പോരാട്ടം കൂടി അവർ ഏറ്റെടുക്കൂ.
വീട്ടിൽ തയാറാക്കിയ ഇൻഡോർ പിച്ചിൽ കളിക്കുകയല്ലാതെ വിലക്കു കാരണം ഒരു ഗ്രൗണ്ടിൽ പ്രവേശിക്കൻ പോലും നാലു വർഷമായി ശ്രീശാന്തിന് സാധിച്ചിട്ടില്ല. അത് ബൗളിംഗിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. ചെറിയ പരിക്ക് ഭേദമായി വരുന്നവർ പോലും മത്സര ഫിറ്റ്‌നസ് നേടാൻ ബുദ്ധിമുട്ടാറുണ്ട്. ശ്രീശാന്ത് തന്നെ പറയുന്നത് ആറു മാസം തരൂ എന്നാണ്. എങ്കിലും ബി.സി.സി.ഐ അപ്പീൽ പോയില്ലെങ്കിൽ, പൊതുജന പിന്തുണയുടെ ശക്തമായ ബലത്തിൽ കേരളാ ടീമിൽ തിരിച്ചെത്താൻ സാധ്യതയേറെയാണ്. 
അഞ്ച്, രാജ്യാന്തര ക്രിക്കറ്റ് കളിക്കുമോ?
രാജ്യാന്തര ക്രിക്കറ്റിൽ പെയ്‌സ്ബൗളർമാർ വിരമിക്കുന്ന ശരാശരി പ്രായം 32 33 ആണ്. ബ്രെറ്റ് ലീയെ പോലുള്ള കളിക്കാർ മുപ്പതാം വയസ്സിൽ വിരമിച്ചിട്ടുണ്ട്. ജവഗൽ ശ്രീനാഥും മിച്ചൽ ജോൺസനും മുപ്പത്തിമൂന്നാം വയസ്സിൽ വിരമിച്ചു. വെങ്കിടേഷ് പ്രസാദ് മുപ്പത്തിരണ്ടാം വയസ്സിൽ കളം വിട്ടു. സഹീർ ഖാൻ മുപ്പത്തിനാലാം വയസ്സിൽ വിരമിച്ചു. ശ്രീശാന്ത് മുപ്പത്തഞ്ചിലേക്ക് കടക്കുന്നു. പ്രായം ശ്രീശാന്തിന്റെ കൂടെയല്ലെന്നർഥം. ആശിഷ് നെഹ്‌റ മുപ്പത്തേഴാം വയസ്സിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ കളിക്കുന്നുണ്ട്. ട്വന്റി20 യിൽ ഒരു കളിയിൽ നാലോവറേ എറിയേണ്ടതുള്ളൂ. അതിനു പോലും മത്സരങ്ങൾക്കിടയിൽ മതിയായ വിശ്രമം വേണം. ടെസ്റ്റുകളെ പോലെ അഞ്ചു ദിവസം കളിക്കേണ്ടതില്ല. ശ്രീശാന്തിനെ അപേക്ഷിച്ച് നെഹ്‌റയുടെ ജീവിതശൈലി ശാന്തമാണ് എന്നതും ഒരു ഘടകമാണ്. ശ്രീശാന്ത് പ്രധാനമായും ടെസ്റ്റ് ബൗളറാണ്. റൺസ് നിയന്ത്രിക്കുന്നതിലല്ല വിക്കറ്റെടുക്കുന്നതിലാണ് ശ്രീശാന്തിന് പ്രാഗദ്ഭ്യം. കുട്ടിക്രിക്കറ്റിൽ അതല്ല വേണ്ടത്. ട്വന്റി20 യിൽ നല്ല കാലത്തുള്ള ശ്രീശാന്തിന്റെ ബൗളിംഗ് ശരാശരിയെക്കാൾ എത്രയോ മെച്ചമാണ് മുപ്പത്തേഴാം വയസ്സിലെ നെഹ്‌റയുടേത്. രാജ്യാന്തര ക്രിക്കറ്റിൽ ശ്രീശാന്ത് തിരിച്ചുവരണമെങ്കിൽ മഹാദ്ഭുതം സംഭവിക്കണം.
ആത്മവിശ്വാസമാണ് ശ്രീശാന്തിന്റെ ശക്തി. മുഖം മറച്ച് തിഹാർ ജയിലിലേക്ക് കൊണ്ടുപോയ ശ്രീശാന്ത് ഇന്ന് വിജയശ്രീലാളിതനായി ടെലിവിഷൻ ക്യാമറകൾക്കു മുന്നിൽ നിൽക്കുന്നുവെങ്കിൽ അതിന് കാരണം ആത്മവിശ്വാസമാണ്. വിലക്ക് നേരിട്ട കാലത്തും ഒരിക്കലും പൊതുമധ്യത്തിൽനിന്ന് ഒളിച്ചോടിയില്ല. ആ ആത്മവിശ്വാസം അയാളെ എവിടെ വരെയെത്തിക്കും എന്ന് നിരീക്ഷിക്കുന്നതു പോലും കൗതുകമാണ്. 
 

Latest News