ന്യൂദല്‍ഹി- ചെറിയൊരു കേസിന്റെ പേരില്‍ ഒരു പതിറ്റാണ്ടിലെറെ കാലം കോടതിയുടെ സമയം അപഹരിച്ചതിന് രാജ്യസഭയ്‌ക്കെതിരെ ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യസഭയിലെ മുന്‍ജീവനക്കാരനായ പി എസ് വര്‍മയില്‍ നിന്ന് നിസ്സാര തുക വീണ്ടെടുക്കുന്നതിന് പത്തു വര്‍ഷത്തിലേറെ കാലം മൂന്ന് കോടതികളുടെ വിലപ്പെട്ട സമയം മെനക്കെടുത്തിയതിനാണ് രാജ്യസഭാ സെക്രട്ടേറിയറ്റിന് ഒരു അപൂര്‍വ്വ വിധിയിലൂടെ ദല്‍ഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ടത്. 'രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയുടെ ഭാഗമായ രാജ്യസഭാ സെക്രട്ടേറിയറ്റ് ഈ കേസിലൂടെ നിസ്സാരമായ 39,010 രൂപയുടെ പേരില്‍ ഒരു മുന്‍ജീവനക്കാരനെ പീഡിപ്പിക്കുക മാത്രമല്ല ചെയ്ത്. വിചാരണ കോടതി, അപ്പീല്‍ കോടതി, ഹൈക്കോടതി എന്നീ മൂന്ന് കോടതികളുടെ വിലയേറിയ സമയവും പൂര്‍ണമായും പാഴാക്കുകയും ചെയ്തിരിക്കുന്നു,' ഒരു ലക്ഷം രൂപ പിഴ വിധിച്ചുകൊണ്ട് ജസ്റ്റിസ് വാല്‍മീകി മേത്ത ചൂണ്ടിക്കാട്ടി.
കേസില്‍ രാജ്യസഭക്കെതിരെ കോടതി കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. പിഴ തുകയായ ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വര്‍മ്മയ്ക്കു നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാക്കി വരുന്ന 50,000 രൂപ ഈ കേസുമായി മുന്നോട്ടു പോകാന്‍ രാജ്യസഭാ സെക്രട്ടേറിയറ്റിനെ ഉപദേശിച്ച വ്യക്തിക്കു മേലാണ് പിഴയായി ചുമത്തിയത്. ഈ തുക വീരമൃത്യുവരിച്ച സൈനികരുടെ ക്ഷേമനിധിയിലേക്ക്് അദ്ദേഹം അടക്കണമെന്നും കോടതി വിധിച്ചു. ഇതു സംബന്ധിച്ച് ഒരു സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി രാജ്യസഭയോട് ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ നിന്ന് സീനിയര്‍ പ്രൈവറ്റ് സെക്രട്ടറിയായി വിരമിച്ച പി എസ് വര്‍മയുടെ ആനുകൂല്യങ്ങള്‍ തീര്‍ത്തു നല്‍കിയതില്‍ പെന്‍ഷന്‍ ഇനത്തില്‍ 39,010 രൂപ അധികമായി നല്‍കിയെന്നായിരുന്നു രാജ്യസഭാ സെക്രട്ടറിയെറ്റിന്റെ വാദം. ഈ തുക വര്‍മയില്‍ നിന്നും തിരികെ പല തവണ ആവശ്യപ്പെട്ടെങ്കിലും തരിച്ചടച്ചില്ല.
ഈ തുകയ്ക്കൂ കൂടി താന്‍ ആദായ നികുതി അടച്ചതിനാല്‍ അതു കൂടി തിരിച്ചുപിടിക്കാന്‍ ഒരു സാക്ഷ്യപത്രം വര്‍മ ആവശ്യപ്പെടുകയായിരുന്നു. വര്‍മ്മ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്നും മാസം തോറും തന്റെ ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ തുക കുറക്കയ്ക്കാനുള്ള അദ്ദേഹത്തിന്റെ ആവശ്യം രാജ്യസഭ ചെവികൊണ്ടില്ലെന്നും കോടതി നിരീക്ഷിച്ചു.